ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലേക്ക് 13 മണിക്കൂർ കൊണ്ട് നീന്തിക്കടന്ന് ഓട്ടിസം ബാധിതയായ പെൺകുട്ടി- അഭിമാനമായി പതിമൂന്നുകാരി

March 22, 2022

പരിശ്രമിച്ചാൽ നേടിയെടുക്കാൻ സാധിക്കാത്ത ഒന്നുമില്ല ലോകത്ത്. അവിടെ കഴിവും, പ്രായവും, ആരോഗ്യവും ഒന്നും പരിമിതികളല്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ജിയാ റായ് എന്ന പെൺകുട്ടി. ഓട്ടിസം ബാധിതയായ ഇന്ത്യൻ പാരാ നീന്തൽ താരം ജിയാ റായ് ശ്രീലങ്കയിലെ തലൈമന്നാർ മുതൽ ധനുഷ്‌കോടിയിലെ അരിചാൽമുനൈ വരെ 13 മണിക്കൂർ കൊണ്ട് നീന്തികടന്ന് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. രോഗത്തെ നീന്തിതോൽപിച്ച ജിയായാണ് ഇപ്പോൾ താരം.

മുംബൈയിലെ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ മദൻ റായിയുടെ മകൾ റായിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡറും സംസാരശേഷിക്കുറവുമാണുള്ളത്. ഇതിനെത്തുടർന്ന് രണ്ട് വയസ്സുള്ളപ്പോൾ ഡോക്ടറുടെ ഉപദേശപ്രകാരം നീന്തൽ പരിശീലനം ആരംഭിച്ചു. മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ ഓപ്പൺ വാട്ടറിൽ നീന്തുന്ന ഏറ്റവും സ്പെഷ്യൽ വനിത എന്ന ലോക റെക്കോർഡ് ആണ് ഇപ്പോൾ ജിയാ സ്വന്തമാക്കിയിരിക്കുന്നത്.

രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിലുള്ള പാക്ക് കടലിടുക്കിൽ നീന്തി റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ജിയാ. ജിയയെ കരയിൽ സ്വീകരിക്കാനെത്തിയത് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബുവാണ്. 2017ൽ ഡിജിപി തന്നെ ഈ പാക്ക് കടലിടുക്കിൽ നീന്തിയിരുന്നു. ജിയയെ സ്വീകരിച്ചുകൊണ്ട് ഡിജിപി പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. ‘രാജ്യത്ത് ഹിമാലയത്തിൽ ട്രെക്കിംഗ് നടത്തുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ നീന്തൽക്കാരുടെ എണ്ണം വളരെ കുറവാണ്. അതിനാൽ നീന്തൽ എന്ന നേട്ടം കൈവരിക്കാൻ യുവാക്കൾ മുന്നോട്ട് വരണം. മറ്റേതൊരു കടലും പോലെയല്ല ഈ കടൽ; അതൊരു വേലിയേറ്റ കടലാണ്.’

കടലിനടിയിൽ ജലപ്രവാഹത്തിന്റെ സാന്നിധ്യം കടലുമായി പരിചയമുള്ള ആളുകൾക്ക് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മിൽക്ക് സ്രാവ് എന്ന് വിളിക്കുന്ന അപകടകരമായ മത്സ്യങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിത്. അതുപോലെ തന്നെ ധാരാളം ജെല്ലിഫിഷുകളും ഉണ്ട്. ഇതിനെല്ലാം പുറമെ പാക്ക് കടലിടുക്കിൽ നീന്തുന്നത് ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. പകലിനേക്കാൾ രാത്രിയിൽ നീന്തുന്നത് വളരെ എളുപ്പമാണ്’- അദ്ദേഹം പറയുന്നു.

Read Also: മുപ്പത്തിമൂന്നാം വയസ്സിലെ ആ ഒറ്റയാൾ പോരാട്ടത്തിനാണ് എന്റെ ഓസ്കാർ- അമ്മയെക്കുറിച്ച് ഹൃദയംതൊട്ടൊരു കുറിപ്പ്

ആദ്യത്തെ മൂന്ന് മണിക്കൂർ ജിയയ്ക്ക് നീന്തൽ ബുദ്ധിമുട്ടായിരുന്നുവെന്നും ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട മകൾക്ക് 13 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടൽ നീന്താൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നുവെന്ന് ജിയ റായിയുടെ അച്ഛൻ മദൻ റായ് പറയുന്നു. നേവി ചിൽഡ്രൻ സ്‌കൂളിൽ പഠിക്കുന്ന 13 വയസ്സുകാരിയാണ് ജിയാ റായ്. 18 വയസ്സിന് താഴെയുള്ള പൗരന്മാർക്കുള്ള പരമോന്നത പുരസ്‌കാരമായ ഓപ്പൺ വാട്ടർ സ്വിമ്മിംഗ് വിഭാഗത്തിന് കീഴിലുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2022ൽ ജിയാ നേടിയിരുന്നു.

Story highlights- girl with autism sets record by swimming from Sri Lanka to Dhanushkodi