മുപ്പത്തിമൂന്നാം വയസ്സിലെ ആ ഒറ്റയാൾ പോരാട്ടത്തിനാണ് എന്റെ ഓസ്കാർ- അമ്മയെക്കുറിച്ച് ഹൃദയംതൊട്ടൊരു കുറിപ്പ്

March 22, 2022

വനിതാ ദിനത്തോടനുബന്ധിച്ച് ഫ്‌ളവേഴ്‌സ് ടിവി സംഘടിപ്പിച്ച കോണ്ടസ്റ്റായിരുന്നു ജീവിതയാത്രയിൽ വഴിത്തിരിവുകൾ സമ്മാനിച്ച വനിതകൾക്ക് നന്ദി പറയാൻ ഒരു അവസരം. ജീവിതത്തെ സ്വാധീനിച്ച സ്ത്രീകൾക്കായി നന്ദി കുറിപ്പുകൾ കമന്റുകളായി പങ്കുവയ്ക്കാനായിരുന്നു കോണ്ടസ്റ്റിൽ ആവശ്യപ്പെട്ടിരുന്നത്. നിരവധി കുറിപ്പുകൾ കമന്റുകളായി വന്നിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ ഫ്‌ളവേഴ്‌സ് ഓൺലൈൻ പേജിൽ ഇപ്പോഴിതാ, പ്രസിദ്ധീകരിക്കുകയാണ്. റംസി ഷാസ് എന്ന വ്യക്തി അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടെഴുതിയ കുറിപ്പ് ഏറെ ഹൃദ്യമാണ്.

കുറിപ്പ് വായിക്കാം;

എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി എന്റെ ഉമ്മയാണ്..മുപ്പത്തിമൂന്നാം വയസ്സിലെ ആ ഒറ്റയാൾ പോരാട്ടത്തിനാണ് എന്റെ ഓസ്കാർ ..പെട്ടെന്നൊരുനാൾ തന്റെ പാതി പിരിഞ്ഞപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന പാവം പെണ്ണ് …പിന്നീടങ്ങോട്ട് ആ ഉമ്മ ഒന്ന് പതറിയിരുന്നെങ്കിൽ ഞങ്ങൾ മൂന്ന് മക്കളും ഇന്ന് തല ഉയർത്തി നിൽക്കില്ലായിരുന്നു..
സത്യം പറഞ്ഞാൽ സ്നേഹത്തിന്റെ ആൾരൂപം…പ്രിയതമന്റെ പരലോക ജീവിത വിജയത്തിന് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഒരു ഭക്ത, ഞങ്ങൾ മക്കളുടെ നട്ടെല്ല് ,മൂന്നാളെയും പഠിപ്പിച്ചു ഒരാളെ പ്രൊഫസർ വരെ കൊണ്ടെത്തിച്ച ഏറ്റവും നല്ല അധ്യാപിക , ജീവിതത്തിന്റെ തോണി സന്തോഷത്തോടെ തുഴഞ്ഞു നീങ്ങുമ്പോൾ കാലമാം പേമാരി കാലനായ് വന്ന് നല്ല പാതിയെ തട്ടിയെടുത്തു.

Read Also: മിസ്റ്റർ പോഞ്ഞിക്കരയ്ക്ക് വേണ്ടി കയ്യിൽ നിന്നിട്ട നമ്പറുകൾ; കല്യാണ രാമൻ സെറ്റിലെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് ഇന്നസെന്റ്


പ്രിയപ്പെട്ട ഉമ്മ, നിങ്ങളുടെ കരളുറപ്പ് കൊണ്ടുമാത്രമാണ് ഞങ്ങളിന്നും ഒരാൾക്ക് മുമ്പിലും പതറാതെ തലയുയർത്തി നിൽക്കുന്നത് ..അന്ന് നിങ്ങൾ ധൈര്യം കൈവരിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോയില്ല എങ്കിൽ ഇന്ന് ചിലപ്പോൾ ഞങ്ങൾ 3 പേരും ഉണ്ടാവില്ലായിരുന്നു ..ഒരുപാട് നന്ദിയുണ്ട് ഉമ്മ ..ജന്മം നൽകിയതിന് ,നൊന്ത് പ്രസവിച്ചതിന് ,പാലൂട്ടിയതിന് ,വളർത്തിയതിന് ,പഠിപ്പിച്ചതിന് ,നല്ലൊരു ഭർത്താവിനെ ഇണയാക്കി തന്നതിന്,എന്നെക്കാൾ ഏറെ എന്റെ മോനെ സ്നേഹിച്ചതിന്,ഇന്ന് വരെ പറഞ്ഞാൽ തീരാത്ത സൗഭാഗ്യങ്ങൾ തന്നതിന്.. പകരമെന്തു തന്നാലും മതിയാവില്ല ..ഈ ജീവൻ തന്നെ നിങ്ങളുടെ കാൽക്കൽ വെച്ചാലും തികയില്ല.

Story highlights- womens day contest winner ramsi shaz