ഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോറിക്ഷ ഡ്രൈവറിലേക്ക്; പ്രചോദനമായി 74 കാരന്റെ ജീവിതം

March 30, 2022

ഓരോ ജീവിതവും വലിയ പാഠപുസ്തകങ്ങൾ ആണെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജീവിതം കൊണ്ട് പഠിപ്പിക്കുന്ന ഒരധ്യാപകനാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. പട്ടാഭിരാമൻ എന്ന 74 കാരന്റെ അപൂർവ ജീവിതകഥ ബംഗളൂരുവിലെ ഐടി പ്രഫഷണൽ നികിത അയ്യരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ജോലിയ്ക്ക് പോകാനായി ഓട്ടോറിക്ഷ കാത്ത് നിൽക്കുമ്പോഴാണ് നികിതയുടെ മുന്നിലേക്ക് ഒരു ഓട്ടോ വന്ന് നിന്നത്. ജോലിയ്ക്ക് സമയത്തിന് എത്താൻ കഴിയുമോ എന്ന ആശങ്കയിലിരുന്ന നികിത ഓട്ടോ ഡ്രൈവറെ കണ്ടതോടെ വീണ്ടും നിരാശയിലായി. കാരണം താടിയും മുടിയുമൊക്കെ നരച്ച ഒരു അപ്പൂപ്പനായിരുന്നു ഓട്ടോഡ്രൈവർ. ഓട്ടോറിക്ഷയിൽ കയറണോ എന്ന് സംശയിച്ച് നിൽക്കുമ്പോഴാണ് മനോഹരമായ ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയത്. വളരെ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവർ ഇത്രയും വ്യക്തമായി ഇംഗ്ലീഷ് പറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നികിതയ്ക്ക് കൗതുകമായി.

45 മിനിറ്റോളം നീണ്ടു നിന്ന ഇവരുടെ യാത്രയിൽ നികിതയുടെ ഓരോ ചോദ്യങ്ങൾക്കും അദ്ദേഹം ഇംഗ്ലീഷിൽ വളരെ മനോഹരമായി ഉത്തരങ്ങൾ നൽകി. ഒപ്പം തന്റെ സംഭവബഹുലമായ ജീവിതത്തക്കുറിച്ചും അദ്ദേഹം നികിതയോട് പറഞ്ഞു. എം. എയും എം എഡ്ഡും കഴിഞ്ഞ പട്ടാഭിരാമൻ ഇംഗ്ലീഷ് അധ്യാപകനാണ്. കർണാടകയിൽ നിന്നും ജാതിയുടെ പേരിൽ ജോലി ലഭിക്കാതെ വന്നതോടെ മുംബൈയിൽ എത്തിയ അദ്ദേഹം വളരെ ബുദ്ധിമുട്ടി മുംബൈയിലെ ഒരു പ്രശസ്തമായ കോളജിൽ ജോലിയ്ക്ക് അപേക്ഷിക്കുകയും അവിടെ ജോലി ലഭിക്കുകയും ചെയ്തു. ഇരുപത് വർഷത്തോളം അവിടെ ജോലി നോക്കിയ അദ്ദേഹം 60 ആം വയസിൽ വിരമിച്ചു.

Read also: ഓരോ മൂന്ന് സെക്കൻഡിലും പുതിയ കേസുകൾ; നിസാരമായി കാണരുത് ഡിമെൻഷ്യയെ

പിന്നീട് നാട്ടിലെത്തിയ അദ്ദേഹത്തിന് കുടുംബത്തെ പുലർത്താൻ മറ്റൊരു ജോലി വളരെ അത്യാവശ്യമായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറുടെ കുപ്പായം അണിയുകയായിരുന്നു അദ്ദേഹം. ഒരു ദിവസം ഓട്ടോറിക്ഷ ഓടിച്ചാൽ 700 രൂപ മുതൽ 1500 രൂപവരെ തനിക്ക് ലഭിക്കും എന്നാണ് പട്ടാഭിരാമൻ പറയുന്നത്. എനിക്കും എന്റെ ഗേൾ ഫ്രണ്ടിനും സന്തോഷമായി ജീവിക്കാൻ ഇത് മതിയെന്നും പറയുന്ന അദ്ദേഹം സ്വന്തം ഭാര്യയെ താൻ ഗേൾ ഫ്രണ്ട് എന്ന് അഭിസംബോധന ചെയ്യുന്നതിന്റെ പിന്നിലെ കാരണവും പറയുന്നുണ്ട്. ഭാര്യയെന്ന് വിളിക്കുന്ന നിമിഷം മുതൽ അവർ അടിമകളാണെന്ന ചിന്തയാണ് പലർക്കും ഉണ്ടാകുന്നത്, ജീവിതപങ്കാളി ഒരിക്കലും നിങ്ങളേക്കാൾ താഴെയല്ല, ചിലപ്പോഴൊക്കെ അവർ നിങ്ങളേക്കാൾ മുകളിലുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

പട്ടാഭിരാമനും ഭാര്യയ്ക്കും ഒരു മകൻ ഉണ്ട്. എന്നാൽ തങ്ങൾ ജീവിക്കുന്നത് മകന്റെ ചിലവിൽ അല്ലെന്നും അവർ അവരുടെ ജീവിതവും ഞങ്ങൾ ഞങ്ങളുടെ ജീവിതവും സന്തോഷമായി ജീവിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ജീവിതത്തിൽ ഒന്നിനോടും ആരോടും ഒരു പരാതിയും ഇല്ലെന്നും പറയുന്ന അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് നികിത ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ച കുറിപ്പ് അവസാനിപ്പിക്കുന്നത്.

Story highlights: 74-year-old Auto Driver Who Used To Be An English Lecturer