ഇത് ഗോപന്റെ മാസ് എൻട്രി; ശ്രദ്ധനേടി ആറാട്ട് മേക്കിങ് വിഡിയോ

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ബി.ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പുമായാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച നെയ്യാറ്റിന്‍കര ഗോപന്‍റെ ഇന്‍ട്രോ രംഗത്തിന്‍റെ ചിത്രീകരണമാണ് വിഡിയോയില്‍ കാണുന്നത്.
ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്. അതേസമയം നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ എന്നയാൾ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിൽ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങിയത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട് ചിത്രത്തില്‍. അതേസമയം ഫെബ്രുവരി 18ന് ലോകമാകെ 2700 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷനുകളില്‍ ഒന്ന് കൂടിയാണ്.
Story highlights: Aaraattu Mohanlal Intro Scene