യുവതിയുടെ മുടിയിൽ കൂടൊരുക്കിയ പക്ഷിക്കുഞ്ഞ്; അപൂർവ്വമായ ഈ സൗഹൃദത്തിന് പിന്നിൽ…

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ് യുവതിയുടെ തലമുടിയിൽ കൂടൊരുക്കിയ പക്ഷിക്കുഞ്ഞിന്റെ വാർത്ത. എന്നാൽ ചെറിയ വള്ളികളും മരക്കൊമ്പുകളും നാരുകളുമൊക്കെ ഉപയോഗിച്ച് കൂടുകൂട്ടുന്ന പക്ഷി എങ്ങനെയാണ് ഒരു യുവതിയുടെ മുടിയിൽ കൂടൊരുക്കിയത് എന്നതാണ് എല്ലാവരുടെയും ആശങ്ക. 2018 ലാണ് സംഭവം. ലണ്ടനിലെ ഘാനയിൽ താമസിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹന്ന ബോൺ ടെയ്ലർ ഒരിക്കൽ തന്റെ വീടിന് മുന്നിൽ ഒരു പക്ഷിക്കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. കനത്ത കാറ്റിലും മഴയിലും മരച്ചില്ലയിൽ നിന്നോ മറ്റോ നിലംപതിച്ചതായിരുന്നു ഈ പക്ഷിക്കുഞ്ഞ്. തണുത്ത് വിറയ്ക്കുകയായിരുന്ന പക്ഷിക്കുഞ്ഞിനെ ഉടൻതന്നെ കൈയിൽ എടുത്ത ഹന്ന ബോൺ അതിന്റെ സംരക്ഷണം ഏറ്റെടുത്തു.
ഒരു മാസം മാത്രം പ്രായമുണ്ടായിരുന്ന പക്ഷികുഞ്ഞായിരുന്നു അത്. കാർഡ് ബോർഡ് പെട്ടികൊണ്ട് ആ പക്ഷിക്കുഞ്ഞിനായി വീടൊരുക്കിയ ഹന്ന അതിന് ചിതലുകളെ ഭക്ഷണമായി തിന്നാൻ നൽകി. അങ്ങനെ ഊണിലും ഉറക്കത്തിലും ഹന്നയോടൊപ്പം ആ പക്ഷികുഞ്ഞും വളർന്നു. ഏകദേശം 84 ദിവസങ്ങളോളം ഈ പക്ഷിക്കുഞ്ഞ് ഹന്നയോടൊപ്പം താമസിച്ചു. പറക്കാൻ പഠിച്ചതുമുതൽ പക്ഷിക്കുഞ്ഞ് കൂടുതൽ സമയവും പറന്ന് വന്ന് ഹന്നയുടെ തോളിലും തലയിലുമൊക്കെ ഇരുന്നുതുടങ്ങി. ഹന്ന വാഹനം ഓടിക്കുമ്പോഴും പുൽമേടുകളിലൂടെ നടക്കുമ്പോഴുമൊക്കെ ഹന്നയോട് കൂടെത്തന്നെ പക്ഷിക്കുഞ്ഞും ഇരുന്നു.
അങ്ങനെ ദിവസവും ഹന്നയുടെ അരികെത്തന്നെ ഇരുന്ന പക്ഷിക്കുഞ്ഞ് അവളുടെ നീണ്ടുകിടക്കുന്ന തലമുടിയിൽ പതുക്കെ പതുക്കെ കൂട് കൂട്ടാൻ തുടങ്ങി. ഓരോ ദിവസവും മുടിയിൽ കൂടൊരുക്കിയ പക്ഷി വൈകുന്നേരം ആകുമ്പോഴേക്കും ഈ കൂടുകൾ അഴിക്കാനും ഹന്നയെ അനുവദിക്കും. എന്നാൽ പിറ്റേ ദിവസം വീടും ഇത് മുടിയിൽ കൂടൊരുക്കും. അങ്ങനെ ദിവസങ്ങളോളം ഈ പക്ഷിക്കുഞ്ഞ് ഹന്നയുടെ മുടിയിൽ കൂടൊരുക്കിയത്രേ. എന്നാൽ പിന്നീട് അവനെ ചിറകു വിടർത്താൻ അനുവദിക്കേണ്ട സമയമായെന്ന് ഹന്ന തിരിച്ചറിഞ്ഞതോടെ ഇംഗ്ലണ്ടിലെ ഒരു ക്രിസ്മസ് അവധിക്കാലത്ത്, ഹന്ന അവനെ വിട്ടയച്ചു. അന്ന് അവൻ ആദ്യമായി ആകാശത്തേക്ക് പറന്നു. പിന്നീട് ഒരിക്കലും തിരിച്ചുവരാത്തത്ര ദൂരത്തേക്ക്.
ഈ പക്ഷിക്കുഞ്ഞുമായുള്ള അപൂർവ്വ സൗഹൃദത്തെക്കുറിച്ച് ഫ്ലെഡ്ഗ്ലിംഗിൽ എന്ന പുസ്തകത്തിലും ഹന്ന പറഞ്ഞിട്ടുണ്ട്.
Story highlights: Abandoned bird builds nest in Womans hair