‘ആദ്യ സിനിമ ആ വലിയ സ്ക്രീനില്‍ കണ്ടിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം’- ഹൃദ്യമായ കുറിപ്പുമായി ആന്റണി വർഗീസ്

March 4, 2022

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ റിലീസ് ചെയ്തിട്ട് അഞ്ച് വർഷം തികയുകയാണ്. വിൻസെന്റ് പെപ്പെ എന്ന കഥാപാത്രമായെത്തി ആന്റണി വർഗീസ് അഭിനയലോകത്ത് ചുവടുറപ്പിച്ചതും അന്നായിരുന്നു. ‘അങ്കമാലി ഡയറീസ്’ ആന്റണി വർഗീസിന്റെ കരിയറിൽ മികച്ച തുടക്കമാണ് നൽകിയത്. സിനിമയും കരിയറും ഒരു പ്രധാന നാഴികക്കല്ല് കടന്ന വേളയിൽ ആന്റണി ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

‘അഞ്ച് വര്‍ഷം…. ആദ്യ സിനിമ ആ വലിയ സ്ക്രീനില്‍ കണ്ടിട്ട് ഇന്നേക്ക് 5 വര്‍ഷം…. ദൈവത്തിന് നന്ദി… പിന്നെ ലിജോ ചേട്ടന്‍, ചെമ്പന്‍ ചേട്ടന്‍, വിജയ്‌ ചേട്ടന്‍, ടിനു ചേട്ടൻ, അങ്കമാലി ടീം, അപ്പന്‍, അമ്മ, അനിയത്തി, സുഹൃത്തുക്കള്‍, എല്ലാവര്‍ക്കും നന്ദി… അങ്കമാലി ഡയറീസിനെയും പെപ്പെ എന്ന കഥാപാത്രത്തേയും ഇത്രയേറെ ഇഷ്ടപെട്ട നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരോടുമാണ് നന്ദി പറയേണ്ടത്, നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല….അങ്കമാലി മുതൽ അജഗജാന്തരം വരെ ഞങ്ങളുടെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് നന്ദി..’- ആന്റണി വർഗീസ് കുറിക്കുന്നു.

Read Also: ‘നാരദനിൽ’ പെർഫോം ചെയ്യാനുള്ള സ്പേസുണ്ടായിരുന്നുവെന്ന് ടൊവിനോ; നടനെന്ന നിലയിൽ തൃപ്തനെന്നും താരം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ആന്റണി വർഗീസ്, അപ്പാനി ശരത്, അന്ന രാജൻ, ടിറ്റോ വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടന്മാരിൽ ഒരാളാണ് ആന്റണി വർഗീസ് പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരിയുയ്‌ക്കൊപ്പം ‘ജല്ലിക്കട്ട്’ എന്ന സിനിമയിലും ആന്റണി വർഗീസ് വേഷമിട്ടിരുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലാണ് ആന്റണി വർഗീസ് ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Story highlights- Antony Varghese thanks audience as his debut film ‘Angamaly Diaries’