ഇത് മൈക്കിൾ അപ്പന്റെയും പിള്ളേരുടെയും കഥ; ശ്രദ്ധനേടി ഭീഷ്മപർവ്വം പുതിയ ട്രെയ്‌ലർ

March 28, 2022

മലയാളി സിനിമ പ്രേമികളുടെ സിരകളിൽ ആവേശം നിറച്ചുകൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മപർവ്വം. അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ മികച്ച ജനസ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഹോട്സ്റ്റാറിലൂടെ ഏപ്രിൽ ഒന്ന് മുതലാണ് ചിത്രം എത്തുക. ഇപ്പോഴിതാ ഇതിന് മുന്നോടിയായി പുതിയൊരു ട്രെയ്‌ലറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘ഭീഷ്മപർവ്വം’ ജനങ്ങളിലേക്ക് എത്തിയത്. തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചതും. മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കുറഞ്ഞ ദിവസങ്ങൾക്കൊണ്ടുതന്നെ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നുമായി മാറിക്കഴിഞ്ഞു ‘ഭീഷ്മപർവ്വം’ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ച് ഡയലോഗുകളും ആക്ഷനും നിറച്ചുകൊണ്ടാണ് ചിത്രം എത്തിയത്.

മമ്മൂട്ടിക്കൊപ്പം സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, അനഘ, മാല പാർവതി, നദിയ മൊയ്തു, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

Read also:ബധിരനായി ജനിച്ചു, പരിമിതികളെ അവസരങ്ങളാക്കി; അറിയാം ഓസ്കർ വേദിയിൽ മികച്ച സഹനടനായ ട്രോയ് കോട്‌സറിനെക്കുറിച്ച്…

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഭീഷ്മപർവ്വം. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്. 

Story highlights: Bheeshma Parvam Official Trailer