ഭീഷ്മപർവ്വം ഒടിടിയിലേക്ക്; ഓൺലൈൻ റിലീസ് ഏപ്രിൽ 1 ന്

March 28, 2022

പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തു വന്ന ചിത്രമാണ് മമ്മൂട്ടി-അമൽ നീരദ് കൂട്ടുക്കെട്ടിലൊരുങ്ങിയ ഭീഷ്മപർവ്വം. വലിയ കാത്തിരിപ്പിന് ശേഷം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോൾ തിയേറ്ററിലെ വമ്പൻ വിജയത്തിന് ശേഷം ഭീഷ്മപർവ്വം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഹോട്സ്റ്റാറിലൂടെയാണ് ചിത്രം ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഏപ്രിൽ 1 നാണ് ഭീഷ്മപർവ്വം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

ഒടിടി റിലീസ് പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും ഹോട്സ്റ്റാർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്റർ റിലീസിനായി പുറത്തിറക്കിയ ട്രെയ്‌ലറിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പൊൾ റിലീസ് ചെയ്ത ട്രെയ്‌ലർ.

മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.

Read More: ‘ഒരു മധുരക്കിനാവിൻ ലഹരിയിൽ’; പാട്ട് വേദിയെ ഇളക്കിമറിച്ച് അക്ഷിത്…

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Story Highlights: Bheeshmaparvam ott release