ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ്; അമേരിക്കൻ പോലീസ് വിലങ്ങ് വെച്ചത് ലോകപ്രശസ്ത മാർവൽ സിനിമ സംവിധായകനെ

March 12, 2022

ബ്ലാക്ക് പാന്തർ അടക്കമുള്ള പല ലോകപ്രശസ്ത സിനിമകളുടെയും സംവിധായകനാണ് റയാൻ കൂഗ്ലർ. വലിയ ജനപ്രീതിയുള്ള അവഞ്ചേഴ്‌സ് ഫിലിം സീരിസിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ കയ്യടിയും നിരൂപകപ്രശംസയും ഏറ്റ് വാങ്ങിയ ചിത്രമാണ് ബ്ലാക്ക് പാന്തർ. ഇതിഹാസ താരം സിൽവെസ്റ്റർ സ്റ്റാലോണിന്റെ റോക്കി സിനിമകളുടെ പിന്തുടർച്ചയായി വന്ന ‘ക്രീഡ്’ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് റയാൻ. ഇപ്പോൾ റയാൻ നേരിട്ട നിർഭാഗ്യകരമായ ഒരു സംഭവമാണ് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നത്.

ബാങ്കിൽ തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് റയാന് അപ്രതീക്ഷിതമായ സംഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നത്. റയാൻ ബാങ്ക് കൊള്ളയടിക്കാൻ വന്നതാണെന്ന് തെറ്റിദ്ധരിച്ച പോലീസ് സംവിധായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സണ്‍ ഗ്ലാസും മാസ്‌കും തൊപ്പിയും ധരിച്ചാണ് ബാങ്കില്‍ റയാന്‍ എത്തിയത്. 12,000 ഡോളര്‍ പിന്‍വലിക്കാനായിരുന്നു തീരുമാനം. താന്‍ പിന്‍വലിക്കുന്ന പണം എത്രയെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ബാങ്കിലെ ജീവനക്കാരന് റയാന്‍ ഒരു കുറിപ്പു നല്‍കി. തന്‍റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്നും ഇത് മറ്റുള്ളവര്‍ കാണരുതെന്നുമായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ റയാന്‍ കൊള്ളക്കാരനാണെന്ന് ബാങ്ക് ജീവനക്കാരന്‍ തെറ്റിദ്ധരിച്ചു പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി റയാനെ കൈ വിലങ്ങുവച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പിന്നീടാണ് അറസ്റ്റ് ചെയ്തത് ആരെയാണെന്ന് വ്യക്തമായത്. അബദ്ധം മനസിലായതോടെ റയാനെ വിട്ടയച്ചു.

Read More: കരിയറിലെ ഏറ്റവും മികച്ച സീസണെന്ന് സഹൽ; ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിർണായകമാവുന്നത് വിദേശ താരങ്ങളുടെ സാന്നിധ്യം

പിന്നീട് സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റ്‌ലാന്‍റാ പൊലീസും സംവിധായകനോട് മാപ്പു പറഞ്ഞു. തന്‍റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്തിരുന്ന ഒരു മെഡിക്കൽ അസിസ്റ്റന്‍റിന് പണമായി നൽകാനാണ് ഇത്രയും തുക പിന്‍വലിച്ചതെന്നാണ് കൂഗ്ലർ പൊലീസിനോട് പറഞ്ഞത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും സംവിധായകൻ പറഞ്ഞു.

Story Highlights: Black panther director arrested