കരിയറിലെ ഏറ്റവും മികച്ച സീസണെന്ന് സഹൽ; ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിർണായകമാവുന്നത് വിദേശ താരങ്ങളുടെ സാന്നിധ്യം

March 12, 2022

ജംഷഡ്‌പൂർ എഫ്‌സിയുമായുള്ള സെമിഫൈനലിലെ ആദ്യ പാദ മത്സരത്തിൽ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കളത്തിൽ നിറഞ്ഞ് കളിച്ച ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണാധിപത്യമാണ് കളിയിൽ കണ്ടത്. മുപ്പത്തിയെട്ടാം മിനുട്ടിൽ കണ്ണൂർ പയ്യന്നൂരുകാരനായ സൂപ്പർതാരം സഹൽ അഹമ്മദാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. അൽവാരോ വാസ്‌ക്വേസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജംഷഡ്‌പൂര്‍ പ്രതിരോധത്തെയും ഗോളി ടിപി രഹ്‌നേഷിനെയും കാഴ്‌ച്ചക്കാരാക്കി തലയ്‌ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്‌ത് വലയിലാക്കുകയായിരുന്നു സഹല്‍ അബ്‌ദുല്‍ സമദ്.

ഇപ്പോൾ ഈ സീസൺ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണാണെന്നാണ് സഹൽ പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള വിദേശ താരങ്ങളുടെ സാന്നിധ്യം മറ്റ് താരങ്ങളുടെ കളി മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ടെന്നും സഹൽ കൂട്ടിച്ചേർത്തു.

ഇന്നലത്തെ ഗോളോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് സഹൽ അബ്ദുൽ സമദ്.13 ഗോളുമായി മുന്‍ സൂപ്പര്‍താരം ഇയാൻ ഹ്യൂമിനൊപ്പമാണ് സഹൽ മൂന്നാം സ്ഥാനത്ത് എത്തിയത്. 12 ഗോൾ നേടിയ അഡ്രിയൻ ലൂണയെ മറികടന്നാണ് സഹലിന്‍റെ മുന്നേറ്റം. 16 ഗോൾ നേടിയ ബെര്‍ത്തലോമ്യു ഒഗ്ബചേയും 14 ഗോൾ നേടിയ മലയാളി താരം സി കെ വിനീതുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Read More: ആർസിബിയുടെ പുതിയ നായകനെ ഇന്നറിയാം; പ്രഖ്യാപനം വൈകുന്നേരം 4 മണിയോടെ

ഇന്നലത്തെ മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ടീമുകളും പൊരുതി കളിച്ചിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഏതാണ്ട് ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണ ആധിപത്യമാണ് ഗ്രൗണ്ടിൽ കണ്ടത്. അമ്പത്തിയെട്ടാം മിനുട്ടിൽ പെരേര ഡയസിനും അൻപത്തിയൊമ്പതാം മിനുട്ടിൽ അഡ്രിയൻ ലൂണയ്ക്കും അറുപത്തിയൊന്പതാം മിനുട്ടിൽ അൽവാരോ വാസ്‌ക്വേസിനും കിട്ടിയ അവസരങ്ങൾ കൂടി ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നെങ്കിൽ ജംഷഡ്‌പൂരിന്റെ രണ്ടാം പാദ മത്സരത്തെ പറ്റിയുള്ള പ്രതീക്ഷകൾക്ക് ഇന്നലെ തന്നെ അവസാനമാവുമായിരുന്നു.

Story Highlights: Sahal about the present season