ജംഷഡ്പൂർ പേടിക്കണം ബ്ലാസ്റ്റേഴ്സിന്റെ സെമി ചരിത്രം
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് രണ്ടാം സെമി മത്സരത്തിന് ഇറങ്ങുമ്പോൾ ജംഷഡ്പൂരിന് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. ആദ്യ പാദ മത്സരത്തിൽ ഒരു ഗോളിന് തോൽവി അറിഞ്ഞത് കൊണ്ട് തന്നെ ജംഷഡ്പൂരിന് മികച്ച വിജയം ഇന്ന് നേടിയാൽ മാത്രമേ ഫൈനലിലേക്ക് പ്രവേശിക്കാൻ കഴിയൂ.
എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സെമി ചരിത്രമാണ് ജംഷഡ്പൂരിന് ആശങ്കയുണ്ടാക്കുന്നത്. സെമിയിലെത്തിയപ്പോഴൊക്കെ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിന് മുൻപ് സെമിയിലെത്തിയ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സ് മികച്ച വിജയം നേടിയാണ് ഫൈനലിൽ പ്രവേശിച്ചത്. കണക്കുകൾക്ക് കാല്പന്തിന്റെ ചരിത്രത്തിൽ സ്ഥാനമില്ലെങ്കിലും രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഏറെ ആശ്വാസം പകരുന്നതാണ് ഈ കണക്കുകൾ.
ആദ്യത്തെ സീസണിൽ ചെന്നൈയിൻ എഫ്സിയായിരുന്നു സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ പാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടി. ഇഷ്ഫാഖ് അഹമ്മദ്, ഇയാൻ ഹ്യൂം, സുശാന്ത് മാത്യു എന്നിവരായിരുന്നു സ്കോറർമാർ. ചെന്നൈയിലെ രണ്ടാംപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോൾ വഴങ്ങിയപ്പോൾ പോരാട്ടം എക്സ്ട്രാടൈമിലേക്ക് നീണ്ടു. സ്റ്റീഫൻ പിയേഴ്സന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ഫൈനലില് പ്രവേശിച്ചു.
ഡൽഹി ഡൈനാമോസായിരുന്നു 2016 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സെമി എതിരാളികൾ. ആദ്യ പാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡൽഹി വിജയിച്ചു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്സ് ഡൽഹിയെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചത്.
ഈ സീസണിൽ വീണ്ടും ആദ്യ പാദ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ മികച്ച വിജയം നേടി മുന്നിട്ട് നിൽക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ചരിത്രം ആവർത്തിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഫൈനൽ കളിക്കും. മറിച്ച് കണക്കുകളിൽ ശ്രദ്ധിക്കാതെ ഇന്നത്തെ മത്സരത്തിൽ മികച്ച വിജയം നേടി ഫൈനലിലേക്ക് പ്രവേശിക്കാനാകും ജംഷഡ്പൂർ ശ്രമിക്കുക.
ഗോവയിൽ ഇന്ന് രാത്രി 7.30 നാണ് രണ്ടാം പാദ സെമിഫൈനൽ മത്സരം.
Story Highlights: Blasters’ semi final history