അവസാന ഓവറുകളിൽ ‘തല’യുടെ വിളയാട്ട്; ലഖ്‌നൗവിനെതിരെ കൂറ്റൻ സ്‌കോറിൽ ചെന്നൈ സൂപ്പർ കിങ്‌സ്‌

March 31, 2022

അവസാന 2 ഓവറുകളിൽ തകർത്തടിച്ച തല ധോണിയുടെ കൂടെ മികവിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ കൂറ്റൻ സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്‌സ്. 20 ഓവറുകൾ പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ചെന്നൈ അടിച്ചു കൂട്ടിയത്.

പത്തൊൻപതാം ഓവറിലാണ് ധോണി ക്രീസിലെത്തുന്നത്. വന്ന ഉടനെ തന്നെ ആവേശ് ഖാനെ ധോണി സിക്സറിന് പറത്തുകയായിരുന്നു. തൊട്ടടുത്ത ബോളിൽ ബൗണ്ടറി നേടിയ ധോണി അവസാന ഓവറിലും ബൗണ്ടറി പായിക്കുകയായിരുന്നു.

നേരത്തെ റോബിൻ ഉത്തപ്പയുടെയും മൊയീൻ അലിയുടെയും ബാറ്റിംഗ് മികവാണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഉത്തപ്പ 50 റൺസ് അടിച്ചെടുത്തപ്പോൾ മൊയീൻ അലി 35 റൺസാണ് ചെന്നൈക്ക് വേണ്ടി നേടിയത്.മുൻ ഇന്ത്യൻ താരം കൂടിയായ റോബിൻ ഉത്തപ്പ 27 പന്തിൽ നിന്നാണ് 50 റൺസ് അടിച്ചെടുത്തത്. 8 ബൗണ്ടറിയും 1 സിക്സും അടങ്ങുന്നതാണ് ഉത്തപ്പയുടെ അർധ സെഞ്ചുറി.

നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ഈർപ്പത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് ടോസ് നേടിയിട്ടും ലഖ്‌നൗ ചെന്നൈയെ ബാറ്റിങ്ങിനയച്ചത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങിയിരിക്കുന്നത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി ചെന്നൈ നിരയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഡ്വയിന്‍ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളാണ് ചെന്നൈ ടീമിലുള്ളത്.

Read More: ‘ഹർദിക് പാണ്ഡ്യ ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാവും’; സുനിൽ ഗവാസ്‌ക്കറുടെ പ്രവചനം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

ഇരു ടീമുകളും ഈ സീസണിലെ ആദ്യ ജയത്തിനായാണ് ഇന്നിറങ്ങിയിരിക്കുന്നത്. കൊൽക്കത്തയ്‌ക്കെതിരെ ആദ്യ മത്സരത്തിൽ ചെന്നൈ പരാജയം രുചിച്ചപ്പോൾ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ഹർദിക് പാണ്ഡ്യയുടെ ഗുജറാത്തിനെതിരെയാണ് ലഖ്‌നൗ തോൽവി നേരിട്ടത്. മൊയീൻ അലി ടീമിലേക്ക് തിരിച്ചെത്തിയത് തന്നെയാണ് ചെന്നൈയുടെ ബൗളിംഗ് നിരയ്ക്ക് ഇന്നത്തെ മത്സരത്തിൽ ആശ്വാസം നൽകുന്നത്. മറുഭാഗത്ത് ക്വിന്‍റണ്‍ ഡി കോക്കിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിലുമാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകൾ.

Story Highlights: Chennai scores big against lucknow