‘ഹർദിക് പാണ്ഡ്യ ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാവും’; സുനിൽ ഗവാസ്‌ക്കറുടെ പ്രവചനം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

March 30, 2022

അരങ്ങേറ്റക്കാരുടെ ഐപിഎൽ മത്സരമായിരുന്നു ഗുജറാത്തും ലഖ്‌നൗവും തമ്മിൽ നടന്നത്. ഈ സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമായ ടീമുകളാണ് ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയന്റ്സും. വാശിയേറിയ മത്സരത്തിൽ ഗുജറാത്ത് 5 വിക്കറ്റിന് ലഖ്‌നൗവിനെ തോൽപ്പിച്ചിരുന്നു. ഇതോടെ നായകനായി തന്റെ ആദ്യ വിജയവും നേടിയിരിക്കുകയാണ് ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ.

ഓൾ റൗണ്ടറായ ഹർദിക്കിൽ വലിയ പ്രതീക്ഷയാണ് ടീമിനും ആരാധകർക്കുമുള്ളത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർദിക് പല നിർണായക മത്സരങ്ങളിലും മുംബൈയുടെ നായകനായി അവതരിച്ച കളിക്കാരൻ കൂടിയാണ്. ആദ്യമായാണ് ഹർദിക് ഒരു ടീമിന്റെ നായകനാവുന്നത്. താരലേലത്തിന് മുൻപ് തന്നെ ടൈറ്റൻസ് ടീമിലെടുത്ത താരമാണ് പാണ്ഡ്യ. 15 കോടിക്കാണ് ഗുജറാത്ത് പാണ്ഡ്യയെ ടീമിലെടുത്തത്. പാണ്ഡ്യക്ക് ഗുജറാത്തിനെ മികച്ച രീതിയിൽ നയിക്കാൻ കഴിയുമെന്ന് നേരത്തെ തന്നെ ടീം മാനേജ്മെന്റും ആരാധകരും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഇപ്പോൾ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കറാണ് ഹർദിക് പാണ്ഡ്യയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്. മികച്ച ഫോമിലുള്ള ഹർദിക് പാണ്ഡ്യ അടുത്ത ടി 20 ലോകകപ്പിൽ എന്തായാലും ഇന്ത്യൻ ടീമിലുണ്ടാവുമെന്നാണ് ഗവാസ്‌ക്കർ പറയുന്നത്. ഹർദിക്കിന്റെ പ്രകടനം ഇന്ത്യൻ ആരാധകർ മുഴുവൻ നോക്കുന്നുണ്ടെന്നും താരം ടീമിൽ തിരിച്ചെത്തുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലെന്നും ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.

Read More: സടകുടഞ്ഞെഴുന്നേൽക്കാൻ ബ്ലാസ്റ്റേഴ്‌സ്; മഞ്ഞപ്പട യൂറോപ്പിൽ പരിശീലനത്തിനൊരുങ്ങുന്നു

“ഹര്‍ദിക്കിന്റെ കാര്യത്തില്‍ യാതൊരു വിധ സംശയങ്ങള്‍ക്കും സ്ഥാനമില്ല. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവും. അവന്‍ പന്തെറിയാന്‍ ആരംഭിച്ചു. പഞ്ചാബ് കിംഗ്‌സിനെതിരെ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുകയും ചെയ്തു. ഐപിഎല്ലില്‍ ഹര്‍ദിക്കിന്റെ പ്രകടനം ഗുജറാത്ത് ടൈറ്റന്‍സ് മാത്രമല്ല ഉറ്റുനോക്കുന്നത്, ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ നോക്കുന്നുണ്ട്. ഹര്‍ദിക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഒരു തര്‍ക്കത്തിനും വഴി വെക്കാതെ അവൻ ലോകകപ്പ് ടീമിലുണ്ടാവും’ -ഗവാസ്‌കര്‍ പറഞ്ഞു.

Story Highlights: Gavaskar about hardik pandya