ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇന്നറിയാം…

March 29, 2022

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുടബോൾ താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ലോകകപ്പ് ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് പ്രവചിച്ചവരാണ് കൂടുതലും. എന്നാൽ എക്കാലത്തും തന്റെ വിമർശകർക്ക് കളിയിലൂടെ തന്നെ കൃത്യമായ മറുപടി കൊടുക്കാറുള്ള ക്രിസ്റ്റ്യാനോ ഇത്തവണയും തന്റെ പതിവ് തെറ്റിച്ചില്ല. ഈ ലോകകപ്പിനും തന്റെ എക്കാലത്തെയും മികച്ച ഫോമിലാണ് റൊണാൾഡോ തയാറായി നിൽക്കുന്നത്.

എന്നാൽ ലോകകപ്പ് യോഗ്യതക്കും ക്രിസ്റ്റ്യാനോയ്ക്കും ഇടയിൽ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. നോർത്ത് മാസിഡോണിയക്കെതിരെ ഇന്ന് രാത്രി നടക്കുന്ന പ്ലെ ഓഫ് ഫൈനലാണ് റൊണാൾഡോയുടെ കരിയറിൽ തന്നെ നിർണായകമാവുന്ന മത്സരമാവുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ റൊണാൾഡോയ്ക്കും സംഘത്തിനും ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാം. രാത്രി 12.15 നാണ് കളി തുടങ്ങുന്നത്.

എന്നാൽ നിസ്സാരക്കാരായ ഒരു ടീമല്ല നോർത്ത് മാസിഡോണിയ. ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ അവസാനിപ്പിച്ചിട്ടാണ് ടീം പ്ലെ ഓഫ് ഫൈനലിലെത്തിയത്. ചരിത്രത്തിലെ ആദ്യ ലോകകപ്പ് യോഗ്യതയാണ് നോർത്ത് മാസിഡോണിയ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ജീവന്മരണ പോരാട്ടം തന്നെയായിരിക്കും പോർച്ചുഗലിനെതിരെ ടീം പുറത്തെടുക്കുക എന്നുറപ്പാണ്. നേരത്തെ തുർക്കിയെ തകർത്തെറിഞ്ഞിട്ടാണ് പോർച്ചുഗൽ ഫൈനൽ മത്സരത്തിലേക്കെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പോർച്ചുഗൽ തുർക്കിയെ നിലം പരിശാക്കിയത്.

Read More: മലയാളികൾ കാത്തിരുന്ന ദിവസം ഇന്ന്; സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനിറങ്ങുന്നു

ഇതിന് മുൻപ് ഒരു തവണ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അന്ന് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

ഇന്ന് നടക്കുന്ന മറ്റൊരു ലോകകപ്പ് യോഗ്യത മത്സരത്തിൽ റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ട് സ്വീഡനുമായി ഏറ്റുമുട്ടും. രാത്രി 12.15 ന് തന്നെയാണ് ഈ മത്സരവും.

Story Highlights: Cristiano ronaldo’s future in world cup