നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്; മുംബൈ സിറ്റിക്കെതിരേയുള്ള മത്സരം ഇന്ന്

March 2, 2022

ഐഎസ്എല്ലിൽ ഈ സീസണിൽ മികച്ച തുടക്കമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയിരുന്നത്. തുടർച്ചയായ വിജയങ്ങളുമായി ഏറ്റവും മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. എന്നാലിപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ടീം. ഇന്ന് മുംബൈ സിറ്റിക്കെതിരേയുള്ള മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വയ്ക്കുന്നില്ല. സെമിഫൈനൽ മുന്നിൽ കണ്ടാണ് കേരളം ബ്ലാസ്റ്റേഴ്‌സ് ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന കളിക്ക് കളത്തിലിറങ്ങുന്നത്.

കേരളം ഉൾപ്പടെ 3 ടീമുകളാണ് സെമിഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് ജീവന്മരണ പോരാട്ടം നടത്തുന്നത്. ലീഗില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ചുകഴിഞ്ഞു. പതിനെട്ട് കളിയിൽ എടികെ മോഹൻ ബഗാന് മുപ്പത്തിനാലും മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്റ്റേഴ്സിന് മുപ്പതും പോയിന്‍റാണുള്ളത്. ഇതുകൊണ്ടുതന്നെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോൽപിക്കാതെ രക്ഷയില്ല. കളി സമനിലയിലായാൽ ഗോവയ്ക്കെതിരായ മത്സരത്തിനൊപ്പം മുംബൈ-ഹൈദരാബാദ് മത്സരത്തിലേക്കും ബ്ലാസ്റ്റേഴ്സിന് ഉറ്റുനോക്കേണ്ടിവരും. ഇരു ടീമും 34 പോയിന്‍റ് വീതം നേടിയാൽ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകും. ആദ്യപാദത്തിൽ നേടിയ എതിരില്ലാത്ത മൂന്ന് ഗോൾജയമാവും ബ്ലാസ്റ്റേഴ്സിന് തുണയാവുക.

Read More: മാന്ത്രിക ചൂലുകൾ മുതൽ തൊപ്പി വരെ ;താരമായി ഹാരി പോട്ടർ തീമിൽ ഒരുങ്ങിയ പാസ്ത- വിഡിയോ

നേരത്തെ തുടർച്ചയായ വിജയങ്ങളിലൂടെ പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
ഒരു സമയത്ത് സീസണിൽ തുടർച്ചയായ പത്ത് വിജയങ്ങൾ നേടി ബ്ലാസ്റ്റേഴ്‌സ്, ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന അവിശ്വസനീയമായ തിരിച്ചു വരവിലായിരുന്നു. ഐ എസ് എല്ലിന്റെ ചരിത്രത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച പ്രകടനം ആയിരുന്നു ആ സമയത്ത് ടീം കാഴ്ചവെച്ചത്. ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ അഭിനന്ദിച്ച് ഇന്ത്യയുടെ ഇതിഹാസ താരമായ ഐ എം വിജയനടക്കമുള്ള താരങ്ങൾ എത്തിയിരുന്നു.

Story Highlights: Crucial match for kerala blasters