ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുന്നു; വിക്രമിന്റെ ‘ധ്രുവനച്ചത്തിരം’ റീലീസിനൊരുങ്ങുന്നു

March 5, 2022

ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം.’ തമിഴ് സൂപ്പർതാരം വിക്രമും സൂപ്പർഹിറ്റുകളുടെ സംവിധായകൻ ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വമ്പൻ പ്രതീക്ഷയിലായിരുന്നു ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. ഇപ്പോൾ ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

ചിത്രത്തിനായുള്ള ഡബ്ബിങ്ങ് വിക്രം ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാന്‍ ഗൗതം മേനോനോട് വിക്രം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗൗതം മോനോന്‍ ചിത്രത്തിന്റെ ബാക്കി ജോലികൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. വിക്രമിന്റെ പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബറിലാണ് റിലീസ് ചെയ്യുന്നത്. അതിനാല്‍ ധ്രുവനച്ചത്തിരം 2022 മെയ് മാസത്തില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More: സെഞ്ചുറി തിളക്കത്തിൽ ‘റോക്‌സ്‌റ്റാർ’ രവീന്ദ്ര ജഡേജ; സമർപ്പണം ഷെയ്ൻ വോണിന്റെ ഓർമകൾക്ക്

2016-ലാണ് ചിത്രത്തെ പറ്റിയുള്ള വാർത്തകൾ ആദ്യമായി പുറത്തു വരുന്നത്. ഒരു സ്പൈ- ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ചിത്രത്തില്‍ വിക്രമിന് പുറമെ സിമ്രാൻ, ഐശ്വര്യ രാജേഷ്, പാര്‍ത്തിബന്‍, ദിവ്യ പ്രകാശ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിക്രമിന്റെ സിനിമ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മഹാനാണ്’ അവസാനമായി റിലീസ് ചെയ്ത വിക്രം ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ വിക്രമിന്റെ മകനായ ധ്രുവ് വിക്രമും കേന്ദ്ര കഥാപാത്രമായിരുന്നു.

Story Highlights: Dhruvanachathiram release soon