‘വെല്ലുവിളികളെ അതിജീവിച്ച താരം, എല്ലാ രീതിയിലും ഒരു ഓൾ റൗണ്ടർ’; അശ്വിനെ പുകഴ്ത്തി ദിനേശ് കാർത്തിക്

March 8, 2022

മൊഹാലി ടെസ്റ്റിലെ പ്രകടനത്തിലൂടെ ഇന്ത്യൻ സ്പിന്നർ അശ്വിൻ നേടിയെടുത്തത് ചരിത്ര നേട്ടമാണ്. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരിക്കുകയാണ് അശ്വിൻ. ഇതിഹാസ താരം കപിൽ ദേവിനെയാണ് അശ്വിൻ മറികടന്നത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. അനിൽ കുംബ്ലെ മാത്രമാണ് ഇനി വിക്കറ്റ് വേട്ടയിൽ അശ്വിന് മുൻപിലുള്ളത്.

ഇപ്പോൾ താരത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന ദിനേശ് കാർത്തിക്. പലപ്പോഴും കടുത്ത വെല്ലുവിളികളിലൂടെ കടന്ന് പോയ താരമാണ് അശ്വിനെങ്കിലും അതിനെയൊക്കെ തരണം ചെയ്താണ് അദ്ദേഹം നേട്ടങ്ങൾ കൊയ്യുന്നതെന്നാണ് കാർത്തിക് പറയുന്നത്.ബാറ്റ് കൊണ്ടും പല പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ കര കയറ്റിയ താരം കൂടിയാണ് അശ്വിനെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

“വിവിധ കാലങ്ങളില്‍ ഒരുപാട് വെല്ലുവിളികളിലൂടെ കടന്നുപോയ താരമാണ് അശ്വിന്‍. എന്നിട്ടും നോക്കൂ, അയാള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്തി. എത്ര വേഗത്തിലാണ് അദ്ദേഹം നാഴികക്കല്ല് പിന്നിട്ടത്. എല്ലാ ടീമുകള്‍ക്കെതിരേയും അദ്ദേഹത്തിന് വിക്കറ്റുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം പൂര്‍ണനായ ഓള്‍റൗണ്ടറാണ്. അത്യവശ്യ ഘട്ടങ്ങളില്‍ അദ്ദേഹം ബാറ്റുകൊണ്ടും സഹായിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അശ്വിന്‍ എന്നും വെല്ലുവിളിയാണ്. ക്രിക്കറ്റിന് ആവശ്യമായ ശരീരമാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. ഗ്രൗണ്ടില്‍ ഏറ്റവും വേഗമേറിയ താരം അദ്ദേഹമായിരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന് ബൗള്‍ ചെയ്യാനുള്ള ഫിറ്റ്‌നെസ് വേണ്ടുവോളമുണ്ട്. നീണ്ട സ്പെല്ലുകൾ എറിയാന്‍ അശ്വിന് സാധിക്കും.” അശ്വിനെ പുകഴ്ത്തി കാര്‍ത്തിക് പറഞ്ഞു.

Read More: ഒരുകൂട്ടം പെൺപോരാട്ടങ്ങളുടെ കഥകൂടി പറയാനുണ്ട് ഈ ദിനത്തിന്…

ശ്രീലങ്കക്കെതിരെയുള്ള പരമ്പര തുടങ്ങുമ്പോൾ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. മൊഹാലി ടെസ്റ്റില്‍ തന്നെ അദ്ദേഹം നേട്ടം സ്വന്തമാക്കി.

Story Highlights: Dinesh karthik about ashwin