ഒരുകൂട്ടം പെൺപോരാട്ടങ്ങളുടെ കഥകൂടി പറയാനുണ്ട് ഈ ദിനത്തിന്…

March 8, 2022

ഒരുകൂട്ടം പെണ്‍പോരാട്ടങ്ങളുടെയും നേട്ടങ്ങളുടേയുമൊക്കെ കഥ കൂടി പറയാനുണ്ട് വനിതാദിനത്തിന്. സ്ത്രീകള്‍ക്കു നേരെ ഇന്നും ഉയരുന്ന അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കുക എന്നതു തന്നെയാണ് വനിതാ ദിനത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിവസം എന്ന ആശയത്തില്‍ നിന്നുമാണ് വനിതാദിനത്തിന്റെ രൂപപ്പെടല്‍.

എങ്ങനെയാണ് മാര്‍ച്ച് 8 വനിതാ ദിനമായത്? ഈ ദിവസത്തിന് സ്ത്രീകളുമായി ബന്ധപ്പെട്ട ചില ചരിത്രപരമായ നിമിഷങ്ങളുടെ ഓര്‍മകള്‍ക്കൂടി പറയാനുണ്ട്. വെറും ചരിത്രമല്ല, സ്വന്തം ആവശ്യങ്ങള്‍ക്കായി സ്ത്രീകള്‍ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ചരിത്രം. വിയര്‍പ്പും ശക്തിയുംകൊണ്ട് സ്ത്രീകള്‍ നേടിയെടുത്ത വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍ എന്നും വിശേഷിപ്പിയ്ക്കാം.

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍, കുടുംബം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും ഇന്ന് സ്ത്രീകള്‍ കരുത്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഒരുകാലത്ത് പാര്‍ശ്വവല്‍കരിക്കപ്പെട്ടിരുന്ന സ്ത്രീ സമൂഹം ലിംഗ സമത്വത്തിനും ലിംഗ നീതിക്കും വേണ്ടി ശക്തമായി പോരാടി. വ്യാവസായിക വിപ്ലവകാലഘട്ടത്തില്‍ പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് സ്ത്രീകള്‍ക്ക്. തികച്ചും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടില്‍ നിന്നും മനോഹരമായ തൊഴില്‍ സാഹചര്യങ്ങള്‍ സ്വപനംകണ്ട അന്നത്തെ സ്ത്രീസമൂഹം നടത്തിയ മുന്നേറ്റമാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്.

ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ ഒരു സമരത്തിന്റെയും പ്രക്ഷോഭത്തിേയും ഓര്‍മദിനമാണ് മാര്‍ച്ച് എട്ട്. 1857 മാര്‍ച്ച് എട്ടിനായിരുന്നു തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ചത്. ദീര്‍ഘനേരത്തെ ജോലിക്ക് തുച്ഛമായ വേതനമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇതിനെതിരെ ആദ്യമായി അന്ന് സ്ത്രീകള്‍ സ്വരമുയര്‍ത്തി. പിന്നീട് വനിതാ ദിനമെന്ന ആശയം ഉരിത്തിരഞ്ഞപ്പോഴും മാര്‍ച്ച് എട്ട് എന്ന ദിനം തെരഞ്ഞെടുക്കുകയായിരുന്നു.

Read also: അന്ന് ലോക്ക്ഡൗണിൽ മകനെ വീട്ടിലെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറോടിച്ച ‘അമ്മ, ഇന്ന് യുക്രൈനിൽ കുടുങ്ങിയ മകനെ നാട്ടിലെത്തിക്കാനുള്ള പോരാട്ടത്തിൽ…

ന്യൂയോര്‍ക്കിലെ ഈ സമരാഗ്നി പിന്നീട് ലോകത്തിന്റെ പല കോണിലേക്കും വ്യാപിച്ചു. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ലിംഗസമത്വം അവസാനിപ്പിക്കാനുമെല്ലാം സ്ത്രീകള്‍ സ്വരമുയര്‍ത്തി തുടങ്ങി. ഇതോടെ പലരാജ്യങ്ങള്ളിലും മാറ്റത്തിന്റെ അലയൊലികള്‍ക്ക് തുടക്കമായി. 1917 ല്‍ റക്ഷ്യയിലാണ് ആദ്യമായി മാര്‍ച്ച് എട്ടിന് വനിതാദിന പ്രകടനം നടത്തിയത്. റക്ഷ്യയില്‍ ഇന്നും ഈ ദിനം വളരെ വിപുലമായി തന്നെ കൊണ്ടാടുന്നു. എന്നാല്‍ 1975 ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.

Story highlights: History of Women’s day