‘അദ്ദേഹം തന്നെയാണ് ക്യാപ്റ്റനായി വരേണ്ടത്’; ആർസിബിയുടെ പുതിയ ക്യാപ്റ്റനെ പറ്റി ദിനേശ് കാർത്തിക്
ക്രിക്കറ്റ് പ്രേമികളുടെ ഉത്സവമായ ഐപിഎല്ലിന് കൊടിയേറാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വലിയ ആവേശത്തിലാണ് ലോകത്താകമാനമുള്ള ആരാധകർ. മാർച്ച് 26 ന് ചെന്നൈ- കൊൽക്കത്ത മത്സരത്തോടെയാണ് ഈ സീസണിലെ ഐപിഎല്ലിന് തുടക്കമാവുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. മുംബൈയിലും പുനെയിലുമായി 65 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് റോയല് ചലഞ്ചേഴ്സ് ബംഗളൂരു. ആദ്യ സീസൺ മുതൽ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും ഒരു തവണ പോലും ആർസിബിക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ടീമും ആരാധകരും ആഗ്രഹിക്കുന്നില്ല. ഇതിനായി ടീമിൽ വലിയ മാറ്റങ്ങളും ആർസിബി വരുത്തിയിട്ടുണ്ട്. മെഗാതാരലേലത്തില് ഏഴ് കോടി മുടക്കിയാണ് ആര്സിബി ദക്ഷിണാഫ്രിക്കന് താരം ഫാഫ് ഡു പ്ലെസിയെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്ത്തികിനേയും ആര്സിബി ടീമിലെത്തിച്ചിരുന്നു. നായകസ്ഥാനത്തേക്ക് പല താരങ്ങളെയും പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ ഒടുവിൽ ഫാഫ് ഡു പ്ലെസിയെ തന്നെ നായകനായി പ്രഖ്യാപിച്ചിരിക്കുകയാണ് ആർസിബി.
ഇപ്പോൾ ആർസിബിക്ക് ഫാഫിനെ പോലെയൊരു ക്യാപ്റ്റനെ തന്നെയാണ് വേണ്ടതെന്നാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മറ്റൊരു താരമായ ദിനേശ് കാർത്തിക് പറയുന്നത്. ”തന്റെ കഴിവ് പരാമാവധി ഉപയോഗിക്കുന്ന താരമാണ് ഫാഫ്. ഒരു ക്യാപ്റ്റന് വേണ്ട ഗുണവും അതുതന്നെ. അവര്ക്ക് മത്സരം ഏത് സാഹചര്യത്തിലൂടെയാണ് പോകുന്നതെന്ന് കൃത്യമായി പറയാന് കഴിയും. ഞാനദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്. ടാക്റ്റിക്കല് ഗുണമുള്ള ക്യാപ്റ്റനാണ് ഫാഫ് എന്ന് അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നപ്പോള് തന്നെ എനിക്ക് തോന്നിയിട്ടുണ്ട്. ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കുന്ന ക്യാപ്റ്റനാണ് ഫാഫ്. ആര്സിബിക്ക് ഇങ്ങനെയൊരു ക്യാപ്റ്റനെ ആവശ്യമാണ്.” കാര്ത്തിക് പറഞ്ഞു.
Story Highlights: Dinesh karthik about Faf du plessis