‘ഫോണിന്റെ പാസ്സ്‌വേഡ് മാറ്റണം ഇക്ക’; മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ ദുൽഖറിനെ പറ്റി ആരാധകരുടെ രസകരമായ കമന്റുകൾ

March 11, 2022

ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ യുവതാരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ. മികച്ച നടൻ എന്നതിനൊപ്പം ഒരു സ്റ്റൈൽ ഐക്കൺ എന്ന നിലയിലും വലിയ ആരാധകവൃന്ദമുള്ള താരം കൂടിയാണ് ദുൽഖർ. ‘സല്യൂട്ട്’ ആണ് ദുൽഖറിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. ഇപ്പൊൾ നടൻ മമ്മൂട്ടി തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സല്യൂട്ടിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്റുകൾക്ക് വഴി വെച്ചത്.

നേരത്തെയും ദുൽഖറിന്റെ ചിത്രങ്ങളുടെ പ്രൊമോഷൻ വീഡിയോകൾ മമ്മൂട്ടി പങ്കുവെയ്ക്കുന്നത് വളരെ കുറവായിരുന്നു. ഇതിനിടെ ദുൽഖറിന്റെ ‘കുറുപ്പിന്റെ’ ട്രെയ്‌ലർ മമ്മൂട്ടിയുടെ പേജിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. അത് താൻ തന്നെയാണ് ചെയ്തതെന്ന് ദുൽഖർ പിന്നീട് പറഞ്ഞിരുന്നു. മമ്മൂട്ടിയും ഒരു അഭിമുഖത്തിൽ ഇത് സ്ഥിരീകരിച്ചിരുന്നു.

ഇപ്പോൾ സല്യൂട്ടിന്റെ പുതിയൊരു വീഡിയോ മമ്മൂട്ടിയുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടപ്പോഴാണ് വീണ്ടും ആരാധകർ രസകരമായ കമന്റുകളുമായെത്തിയത്.സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടതോടെ ദുല്‍ഖര്‍ വീണ്ടും ഫോണ്‍ അടിച്ചുമാറ്റിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ‘ഫോണ്‍ വീണ്ടും അടിച്ചു മാറ്റിയല്ലേ, ഫോണ്‍ ഇനി വല്ല അരിചാക്കിലോ തലയിണയുടെ അടിയിലോ വെക്കണം ഇക്കാ, ഇക്ക എത്രയും പെട്ടെന്ന് ഫോണിന്റെ പാസ്‌വേഡ് മാറ്റിക്കോ’, എന്നിങ്ങനെയാണ് രസകരമായ പല കമന്റുകളും.

Read More: ‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ..’- ഈണത്തിൽ പാടി മേഘ്‌ന; നിറകൈയ്യടികളോടെ പാട്ടുവേദി

മാർച്ച് 18 ന് ഒടിടി റിലീസായാണ് ‘സല്യൂട്ട്’ പ്രേക്ഷകരിലേക്കെത്തുന്നത്. സോണി ലിവിലാണ് ചിത്രത്തിനെ റിലീസ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്.’ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.

Story Highlights: Funny comments of fans about dulquer