ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കി ഗിൽ; ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ ഗോൾ കീപ്പർക്ക് ഐഎസ്എല്ലിന്റെ അംഗീകാരം

March 21, 2022

ഐഎസ്എൽ ഫൈനലിൽ കപ്പിനും ചുണ്ടിനുമിടയിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും കിരീടം നഷ്ടമായെങ്കിലും പൊരുതി തന്നെയാണ് ടീം വീണതെന്നാണ് ലോകമെങ്ങുമുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറയുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടീമാണ് ഈ സീസണിൽ കോച്ച് ഇവാൻ വുകോമനോവിച്ചിന് പിന്നിൽ അണിനിരന്നത്. വിജയത്തിനോളം പോന്ന തോൽവി തന്നെയാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം.

ഫൈനലിൽ തോൽവി അറിഞ്ഞെങ്കിലും സീസണിലുടനീളം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാത്ത വിശ്വസ്തനായ ഗോൾ കീപ്പർ പ്രഭ്‌സുഖന്‍ ഗില്ലിന് ലഭിച്ച അംഗീകാരത്തിലുള്ള സന്തോഷമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീമിനും ആരാധകർക്കുമുള്ളത്. ഐഎസ്എല്‍ ഈ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രഭ്‌സുഖന്‍ ഗിൽ സ്വന്തമാക്കിയത്. 22 കളിയിൽ 7 ക്ലീന്‍ഷീറ്റുമായാണ് ഗില്‍ ഒന്നാമതെത്തിയത്. ഐഎസ്എല്ലില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടുന്ന പ്രായം കുറഞ്ഞ താരമാണ് 21 കാരനായ ഗിൽ. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് ഗിൽ ടീമിലെത്തിയത്.

Read More: ഇത് ഗോപന്റെ മാസ് എൻട്രി; ശ്രദ്ധനേടി ആറാട്ട് മേക്കിങ് വിഡിയോ

അതേ സമയം ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ ഇന്നലെ ആറ് വർഷം മുൻപത്തെ ചരിത്രം അതേപടി ആവർത്തിക്കുക ആയിരുന്നു. ഒരു മലയാളി നേടിയ ഗോളിലൂടെ ലീഡ് നേടി വിജയ പ്രതീക്ഷകൾ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം നേടി.

തോറ്റതിന്റെ നിരാശയുണ്ടെങ്കിലും തങ്ങൾ എന്നെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെയാണെന്നാണ് കലൂർ ഫാൻ പാർക്കിലടക്കം ഇന്ത്യയിൽ പല ഭാഗത്തും ബ്ലാസ്റ്റേഴ്സിനായി ആർപ്പുവിളിക്കാൻ തെരുവിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പറയുന്നത്.

Story Highlights: Gill wins gloden glove