വണ്ണാത്തി പുഴയുടെ തീരത്ത്…; അസാധ്യമായി പാടി ശ്രീഹരി
വണ്ണാത്തി പുഴയുടെ തീരത്ത്
കണ്ണാടി നോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങി വന്നോളെ
ചെമ്മാന പൂമുറ്റം നിറയെ….സുരേഷ് ഗോപി – മഞ്ജു വാര്യർ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ കളിയാട്ടം എന്ന ചിത്രത്തിലെ ഗാനമാണിത്. മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളിൽ ഒന്ന്. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളും സംഗീതവും ഒരുക്കിയ ഗാനം ഗന്ധർവഗായകൻ കെ ജെ യേശുദാസിന്റെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടാസ്വദിച്ചത്. ഇപ്പോഴിതാ ഈ മനോഹരഗാനവുമായി പാട്ട് വേദിയിൽ വിസ്മയം സൃഷ്ടിക്കാൻ എത്തിയിരിക്കുകയാണ് പാട്ട് കൂട്ടിലെ കൊച്ചുപാട്ടുകാരൻ ശ്രീഹരി.
ജഡ്ജസിനെയും പ്രേക്ഷകരെയും അടക്കം ഒരുപോലെ അത്ഭുതപ്പെടുത്താറുള്ള ഗായകനാണ് പാലക്കാടുകാരൻ ശ്രീഹരി. കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ഈ കൊച്ചുമിടുക്കൻ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. ഇത്തവണയും അത് ഉറപ്പാക്കുന്നതായിരുന്നു ഈ കുഞ്ഞു മോന്റെ ആലാപനം.
ശ്രീഹരിയുടെ ഗാനങ്ങൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. അത്രമേൽ മനോഹരമായാണ് ഓരോ ഗാനങ്ങളും ശ്രീഹരി വേദിയിൽ ആലപിക്കുന്നത്. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി. ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മിടുക്കനായ ഗായകരിൽ ഒരാൾ കൂടിയാണ് ശ്രീഹരി. കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ഒപ്പം ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അത്ഭുതപ്പെടുത്തുന്ന ആലാപനമികവുകൊണ്ട് വേദിയിൽ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങളും സൃഷ്ടിച്ചിട്ടുണ്ട് ഈ കുഞ്ഞുമോൻ.
Story highlights: Hit Performance of Sreehari