വെസ്റ്റ് ഇൻഡീസിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ; വിജയം കൂറ്റൻ മാർജിനിൽ

March 12, 2022

വെസ്റ്റ് ഇൻഡീസിനെതിരെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കൂറ്റൻ വിജയം നേടി ഇന്ത്യൻ വനിതകൾ. ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 162 റൺസിന് എല്ലാവരും പുറത്തായി. നാല്പത്തിയൊന്നാം ഓവറിലായിരുന്നു വിൻഡീസിന്റെ പതനം പൂർണമായത്. ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്‌മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്‌നേഹ് റാണ മൂന്നും മേഘ്‌ന സിംഗ് രണ്ടും വിക്കറ്റ് വീഴ്‌ത്തി വിൻഡീസിന്റെ തോൽവി പൂർണമാക്കി.

വളരെ മികച്ച തുടക്കമാണ് വിൻഡീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡീന്‍ഡ്രാ ഡോട്ടിന്‍-ഹെയ്‌ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സ് ചേര്‍ത്തു. ഡോട്ടിൻ 46 പന്തില്‍ 62 റൺസ് നേടിയപ്പോൾ ഹെയ്‌ലി 36 പന്തില്‍ 43 റൺസാണ് അടിച്ചെടുത്തത്. രണ്ട് പേരെയും പവലിയനിലേക്ക് മടക്കിയത് ഇന്ത്യൻ സൂപ്പർ താരം സ്‌നേഹ് റാണയാണ്. 100 റൺസെടുത്തപ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടമായ വിൻഡീസിന് അടുത്ത 34 റൺസെടുത്തപ്പോഴേക്കും വിലപ്പെട്ട 5 വിക്കറ്റുകളാണ് നഷ്ടമായത്.

Read More: നിർമിതിയ്ക്ക് പിന്നിലെ കാരണം ഇന്നും അവ്യക്തം; കാഴ്ചക്കാരുടെ കണ്ണുകളിൽ അത്ഭുതം വിടർത്തുന്ന കെട്ടിടം…

നേരത്തെ പാകിസ്‌ഥാനെതിരെയും ഇന്ത്യൻ ടീം വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. 107 റൺസിന്റെ വലിയ മാർജിനിലാണ് ഇന്ത്യൻ വനിതകൾ പാകിസ്ഥാനെ കീഴടക്കിയത്. പ്രതീക്ഷയർപ്പിച്ചിരുന്ന സ്‌മൃതി മന്ഥാനയും പൂജ വസ്ത്രകറും മികച്ച പ്രകടനം തന്നെയാണ് പാകിസ്ഥാനെതിരെ പുറത്തെടുത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 43 ഓവറില്‍ 137 ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്കവാദാണ് പാകിസ്ഥാനെ തകര്‍ത്തത്.

ആദ്യ രണ്ട് മത്സരങ്ങളിലും വമ്പൻ വിജയം നേടി ടീം മുന്നോട്ട് കുതിക്കുമ്പോൾ വലിയ പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. ക്യാപ്റ്റൻ മിതാലി രാജിനും സൂപ്പർതാരം സ്‌മൃതി മന്ദാനയ്ക്കുമൊപ്പം കുറെയേറെ യുവതാരങ്ങളും അണിനിരക്കുന്ന ഇന്ത്യൻ ടീം ലോകകപ്പ് നേടാൻ കഴിയുന്ന ഒരു ടീം തന്നെയാണെന്നാണ് ആരാധകരുടെയും കളി നിരീക്ഷകരുടെയും വിലയിരുത്തൽ.

Story Highlights: India wins against west indies