കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സ്കൂളിന്റെ രൂപം മാറി, കുട്ടികളും അധ്യാപകരും മാറി; അന്നും ഇന്നും മാറ്റങ്ങളില്ലാതെ ആമിനതാത്തയും അവരുടെ രുചിയും
മറ്റുള്ളവരുടെ വിശപ്പകറ്റുന്നവൻ ആരാണോ അവനാണ് ഈ ലോകത്തിലെ ഏറ്റവും നല്ലവൻ എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ആമിനതാത്ത ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കുരുന്നുകളുടെയാണ് വിശപ്പകറ്റുന്നത്. സ്വന്തം മക്കളെ വളർത്താൻ ഇരുപത്തിനാലാം വയസിൽ മാവൂർ സ്‌കൂളിലെത്തിയതാണ് ആമിനതാത്ത. അന്നുമുതൽ അവിടുത്തെ പാചകക്കാരി മാത്രമല്ല, കുട്ടികളുടെ മുഴുവൻ അമ്മകൂടിയാണ് ആമിനതാത്ത.
പതിനാലാം വയസിൽ വിവാഹം കഴിഞ്ഞ ആമിനയ്ക്ക് വിവാഹത്തിന് ശേഷമുള്ള ദിനങ്ങൾ അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. രണ്ട് കുട്ടികൾക്ക് ജന്മം നൽകിയ ശേഷം ഭർത്താവ് ആമിനയെ ഉപേക്ഷിച്ചുപോയി. പിന്നീട് ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിനിടയിൽ ഇരുപത്തിനാലാം വയസിലാണ് ആമിന മാവൂർ സ്‌കൂളിലേക്ക് എത്തിയത്. അന്ന് സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഉപ്പുമാവ് ഉണ്ടാക്കിത്തുടങ്ങിയ ആമിന, ഇപ്പോഴും കുട്ടികൾക്ക് ഭക്ഷണം വിളമ്പാനായി ഇവിടെ തന്നെയുണ്ട്. ഉപ്പുമാവ് പിന്നീട് കഞ്ഞിയും പയറുമായും അത് വീണ്ടും ചോറും കറിയുമൊക്കെയായി മാറി. ഇതിനിടെയിൽ ഇവിടെ നിന്നും നിരവധി കുട്ടികൾ പോകുകയും വരികയും ചെയ്തു. ഒപ്പം ഒരുപാട് അധ്യാപകരും മാറിവന്നു. സ്കൂളിന്റെ രൂപത്തിലും കഞ്ഞിപ്പുരയുടെ രൂപത്തിലുമൊക്കെ മാറ്റങ്ങൾ ഉണ്ടായി. എന്നാൽ ഈ അരനൂറ്റാണ്ടിനിടെയിലും ഇവിടെ മാറാത്ത ഒന്നേയുള്ളു അത് ആമിനതാത്തയും താത്തയുടെ ഭക്ഷണത്തിന്റെ രുചിയുമാണ്.
Read also: ലെറ്റ് ഇറ്റ് ഗോ…, യുക്രൈനിലെ അഭയകേന്ദ്രത്തിൽ നിന്നും കുരുന്ന് പാടി; ഹൃദയംകൊണ്ട് ഏറ്റെടുത്ത് ലോകജനത
അതേസമയം അന്ന് ആദ്യമായി ഈ സ്കൂളിലേക്ക് വന്നപ്പോഴുള്ള ആ ഇരുപത്തിനാലുകാരി തന്നെയാണ് താൻ ഇപ്പോഴുമെന്ന് പറയുകയാണ് ഈ ‘അമ്മ. ഒപ്പം തനിക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത് സ്കൂളിൽ വന്ന് കുട്ടികളെ കാണുന്നതും അവർക്ക് ഭക്ഷണം നല്കുന്നതുമാണെന്നും ആമിനതാത്ത പറയുന്നു. കൊറോണസമയത്ത് സ്കൂളിൽ വരാൻ കഴിയാതിരുന്നത് തന്നെ ഏറെ വേദനിപ്പിച്ചു. തന്നെക്കാണാൻ ഇപ്പോഴും പഴയ കുട്ടികൾ വരുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും പറയുന്നുണ്ട് ആമിനതാത്ത.
Story highlights: Inspiring story of aminathatha