ഗോവൻ സ്റ്റേഡിയം മഞ്ഞ പുതയ്ക്കാനൊരുങ്ങുന്നു; ഐഎസ്എൽ ഫൈനലിന് 100% കാണികളെ അനുവദിക്കും
ആറ് വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തുന്നത്. ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഐഎസ്എൽ കിരീടമെന്ന ടീമിന്റെയും ആരാധകരുടെയും വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ആവേശമാവുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. ഫൈനലിന് സ്റ്റേഡിയത്തിലേക്ക് 100% കാണികളേയും അനുവദിക്കുമെന്നാണ് ഐഎസ്എൽ സംഘാടകർ പറയുന്നത്. ഇത് സംബന്ധിച്ച് ഗോവ സർക്കാരിന്റെ വിദഗ്ദ സമിതിയുടെ സ്ഥിരീകരണവും പുറത്തു വന്നിട്ടുണ്ട്..
ഇതോടെ ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയം മഞ്ഞക്കടലാവുമെന്ന് ഏറെക്കുറെ ഉറപ്പായി. 18,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റും വിൽപനയ്ക്ക് വയ്ക്കും. സംഘാടകർ മുഴുവൻ കാണികളെയും പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്ദ സമിതി അംഗങ്ങൾ എതിർത്തതാണ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിർദ്ദേശം. ഗോവ മെഡിക്കൽ കോളേജിൽ ചേർന്ന വിദഗ്ദ സമിതി യോഗം ഒടുവിൽ 100 ശതമാനത്തിന് സമ്മതം മൂളി.
Read More: ഇത് കൊണ്ടാണ് ഏഴാം നമ്പർ ജേഴ്സിയണിയുന്നത്; ധോണിയുടെ രസകരമായ തുറന്ന് പറച്ചിൽ
അതേ സമയം ഫൈനലിനായി നന്നായി തയാറെടുക്കുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ബ്ലാസ്റ്റേഴ്സ് തളരാതെ പൊരുതിയിട്ടുണ്ടെന്നും അതിന്റെ ഫലമാണ് ഫൈനൽ പ്രവേശമെന്നും വുകോമനോവിച്ച് കൂട്ടിച്ചേർത്തു. ഫൈനലിൽ ആരാധകർക്ക് മുൻപിൽ കളിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വരുന്ന ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും.
Story Highlights: ISL final will have 100% audience