ജയം മാത്രമാണ് ഇന്ന് ലക്ഷ്യം; ആരാധകർക്ക് മുൻപിൽ ഫൈനൽ കളിക്കാൻ കാത്തിരിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച്
ജംഷഡ്പൂർ എഫ്സിയുമായുള്ള ആദ്യ സെമിഫൈനൽ മത്സരത്തിൽ ഒരു ഗോളിന്റെ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം സഹൽ അബ്ദുൽ സമദാണ് ലോകത്താകമാനമുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ആ വിജയ ഗോൾ നേടിയത്. ഇതോടെ ഇന്ന് നടക്കുന്ന രണ്ടാം പാദ സെമിഫൈനൽ മത്സരത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ഇപ്പോൾ ഈ മത്സരത്തിലും ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നത്. ഫൈനലിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുൻപിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും ഇവാൻ കൂട്ടിച്ചേർത്തു. നേരത്തെ ഫൈനലിന് കാണികളെ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ രണ്ട് വർഷത്തിന് ശേഷമാണ് ഐഎസ്എല്ലിൽ കാണികളുടെ ആരവമുയരുന്നത്.
ഇന്ന് സമനില നേടിയാൽ പോലും ഫൈനലിലേക്ക് കടക്കാമെന്നിരിക്കെ ജയിച്ചു തന്നെ ഫൈനലിലെത്തണം എന്നാണ് കോച്ച് കളിക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. “അലസത ആദ്യപാദത്തിലെ ആനുകൂല്യം ഇല്ലാതാക്കും. കരുത്തരായ ജംഷഡ്പൂരിനെ വിലകുറച്ച് കാണുന്നില്ല. ആദ്യ നാലിലെത്തുമെന്ന് പോലും ആരും പ്രവചിക്കാത്ത നിലയിൽ നിന്ന് ടീമിന് മുന്നേറാനായി. പ്രധാനതാരങ്ങൾക്ക് ആർക്കും പരിക്കില്ല. ആരാധകരുടെ ആവേശം കരുത്താണ്” – വുകോമനോവിച്ച് പറഞ്ഞു. അതേസമയം ആദ്യപാദത്തിൽ തോറ്റെങ്കിലും ഫൈനലിലേക്കെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജംഷഡ്പൂര് എഫ്സി പരിശീലകൻ ഓവൻ കോയിൽ പ്രതികരിച്ചു.
Read More: ഇത് മഞ്ഞപ്പടയുടെ ആറാട്ട്; സെമിഫൈനൽ ആദ്യ പാദത്തിൽ ജംഷഡ്പൂരിനോട് ‘ജാവോ’ പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
അതേ സമയം കഴിഞ്ഞ മത്സരത്തിലും ജയിക്കുന്ന മത്സരങ്ങളിൽ താൻ സ്ഥിരമായി ഇടാറുള്ള വെളുത്ത ഷർട്ടിട്ട് തന്നെയാണ് കോച്ച് ഇവാൻ ഗ്രൗണ്ടിലിറങ്ങിയിരുന്നത്. ഇപ്പോൾ ഈ മത്സരത്തിലും ഇവാൻ അതേ ഷർട്ടുമായി ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവിശ്വസനയീമായ തിരിച്ചു വരവിന്റെ എല്ലാ ക്രെഡിറ്റും കോച്ച് ഇവാനാണ് താരങ്ങളും ആരാധകരും നൽകുന്നത്.
Story Highlights: Ivan vukomanovic about second leg semifinal