ആരാധകർ ഫൈനലിനെത്തുന്നത് ആവേശം; സെമിഫൈനൽ ജയിച്ചതിൻറെ മുഴുവൻ ക്രെഡിറ്റും കളിക്കാർക്കെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച്
ജംഷഡ്പൂർ എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലിൽ പ്രവേശിച്ചതോട് കൂടി വലിയ ആവേശത്തിലാണ് ആരാധകർ. കലൂർ ഫാൻ പാർക്കിലടക്കം ആരാധകർ ആഘോഷിക്കുന്ന വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പല പ്രമുഖരും തങ്ങളുടെ സന്തോഷം മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഫൈനലിനായി നന്നായി തയാറെടുക്കുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ബ്ലാസ്റ്റേഴ്സ് തളരാതെ പൊരുതിയിട്ടുണ്ടെന്നും അതിന്റെ ഫലമാണ് ഫൈനൽ പ്രവേശമെന്നും വുകോമനോവിച്ച് കൂട്ടിച്ചേർത്തു.
പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ജംഷഡ്പൂർ എഫ്സിയെ സെമിഫൈനലിന്റെ രണ്ട് മത്സരങ്ങളിലും തകർത്തെറിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ആർക്കും പ്രതീക്ഷയില്ലാതിരുന്ന ഒരു ഘട്ടത്തിൽ നിന്ന് ലീഗിലെ ഒന്നാം നമ്പർ ടീമിനെ തോൽപ്പിച്ച ടീമായി മാറിയതിന്റെ എല്ലാ ക്രെഡിറ്റും കളിക്കാർക്കാണെന്നാണ് കോച്ച് ഇവാൻ പറയുന്നത്. ഫൈനലിൽ ആരാധകർക്ക് മുൻപിൽ കളിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The Boss speaks to the media after leading our club to the #HeroISL final! 💛@ivanvuko19 #KBFCJFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/kaSzkHZIsv
— K e r a l a B l a s t e r s F C (@KeralaBlasters) March 15, 2022
ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനലിലേക്ക് പ്രവേശിച്ചത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരത്തിലെ വിജയികളെ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ഫൈനലിൽ നേരിടുന്നത്.
Read More: ചരിത്രമെഴുതി ജൂലന് ഗോസ്വാമി; റെക്കോർഡ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരം
ആറ് വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയിരിക്കുന്നത്. ഐഎസ്എൽ കിരീടമെന്ന ടീമിന്റെയും ആരാധകരുടെയും വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
Story Highlights: Ivan vukomanovic about semifinal win