അടുത്ത സീസൺ ഇതിലും മികച്ചതായിരിക്കും, ടീമിലെ എല്ലാവരും സ്പെഷ്യൽ; മനസ്സ് തുറന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്
അവിശ്വസനീയമായ തിരിച്ചു വരവാണ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. വർഷങ്ങളായി ആരാധകർ കാത്തിരുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ ഇപ്പോൾ സെമി ഫൈനലിലും എത്തിയിരിക്കുകയാണ് ടീം. ടീമിന്റെ ഒത്തിണക്കത്തിന്റെയും മികവിന്റെയും മുഴുവൻ ക്രെഡിറ്റും കോച്ച് ഇവാൻ വുകുമനോവിച്ചിനാണ് ആരാധകരും കളി പ്രേമികളും നൽകുന്നത്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ മനസ്സ് തുറന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച്. അടുത്ത സീസണുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ഇതിലും മികച്ച പ്രകടനമായിരിക്കും പുറത്തെടുക്കുക എന്നുമാണ് ഇവാൻ പറയുന്നത്. “ഞാൻ കളി ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. കളത്തിൽ കളിക്കാരാണ് എല്ലാം ചെയ്യുന്നത്. സാങ്കേതിക കാര്യങ്ങളാണ് നമ്മൾ പറഞ്ഞുകൊടുക്കുന്നത്. മികച്ച യുവതാരങ്ങൾ ബ്ലാസ്റ്റേഴ്‌സിനുണ്ട്. മികച്ച ഒത്തിണക്കമാണ് ടീമിൽ” – ഇവാൻ പറഞ്ഞു.
ഇവാൻ വുകുമനോവിച്ചിന്റെ മറ്റൊരു പ്രത്യേകതയായി ആരാധകർ എടുത്ത് പറയുന്ന ഒന്നാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ അദ്ദേഹം ധരിക്കുന്ന വെള്ള ഷർട്ട്. ടീം കളത്തിലിറങ്ങുമ്പോൾ വെള്ള ഷർട്ട് ധരിക്കുന്നതിന്റെ രഹസ്യമെന്താണ് എന്ന് ചോദ്യത്തിനും ഇവാൻ മറുപടി പറയുന്നുണ്ട്. “യഥാർത്ഥത്തിൽ എന്താണെന്ന് എനിക്കറിയില്ല. വെള്ള ഷർട്ടിടുമ്പോൾ നല്ല ഫീലിങ് ലഭിക്കുന്നു. ഫറ്റോർഡയിൽ മുംബൈ എഫ്‌സിയെ ആദ്യമായി നേരിട്ടപ്പോൾ ആണെന്നു തോന്നുന്നു ആദ്യമായി വെള്ള ഷർട്ടിട്ടത്. പിന്നീട് അത് തുടർന്നു.” എന്നായിരുന്നു ഇവാന്റെ മറുപടി.
Read More: ഓസീസിനെ തകർത്ത ‘ശ്രീ’യുടെ നാലോവറുകൾ…
ടീമിലെ എല്ലാവരും തനിക്ക് സ്പെഷ്യലാണെന്നും എല്ലാവരുടെയും ഒപ്പം നല്ല മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവാൻ കൂട്ടിച്ചേർത്തു. “ഞാൻ എല്ലാവരെയും ഇഷ്ടപ്പെടുന്നു. പൂട്ടിയ, ബിജോയ്, ഖബ്ര, ലൂന തുടങ്ങിയ ചില തമാശക്കാരുണ്ട്. പരിശീലന സെഷനിൽ അവർ പ്രൊഫഷണലാണ്. ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ടായി. ബിജോയ് മലയാളി മാഫിയ ഹെഡാണ്. ഖബ്രയാണ് ഡിജെയുടെ ആൾ.’ – ഇവാൻ അഭിമുഖത്തിൽ പറഞ്ഞു.
Story Highlights: Ivan vukomanovic interview