ആ റെക്കോർഡ് ഇനി ജഡ്ഡുവിന്റെ പേരിൽ; ഇതിഹാസ താരം കപിൽ ദേവിനെ മറികടന്ന് രവീന്ദ്ര ജഡേജയുടെ റെക്കോർഡ്
ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടീമിനായി കാഴ്ചവെച്ചത്. മൊഹാലി ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോൾ 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജഡേജയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇതോടെ 36 വർഷം പഴക്കമുള്ള ഒരു റെക്കോർഡാണ് ജഡേജ സ്വന്തം പേരിലാക്കിയത്.
മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തി ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയിരിക്കുകയാണ് ജഡേജ. കപില്‍ ദേവിനെയാണ് താരം മറികടന്നത്. 1986 ല്‍ കാണ്‍പൂരിൽ നടന്ന മത്സരത്തിൽ കപില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത് 163 റണ്‍സായിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായിരിക്കുന്നത്.
നേരത്തെ മത്സരത്തിൽ താൻ നേടിയ സെഞ്ചുറി ജഡേജ ഇന്നലെ നിര്യാതനായ രാജസ്‌ഥാൻ റോയല്സിൽ തന്റെ മെന്റർ കൂടിയായിരുന്ന ഇതിഹാസ താരം ഷെയ്ൻ വോണിന് സമർപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന്‍ വോൺ മരിച്ചത്. തായ്‌ലൻഡിൽ വച്ചാണ് 52 കാരനായ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്. ഓസ്‌ട്രേലിയക്ക് വേണ്ടി 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയിട്ടുള്ള ഷെയ്ന്‍ വോൺ ലോകം കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളായിരുന്നു. രാജസ്ഥാൻ റോയൽസിൽ ഒരുമിച്ച് കളിച്ചിരുന്ന വോണും ജഡേജയും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഷെയ്ൻ വോണാണ് 2008- ൽ ആദ്യമായി ജഡേജയെ ‘റോക്‌സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചത്.
Read More: പ്രേക്ഷക ഹൃദയം കവർന്ന പ്രണവിന്റെ ദർശന…
ഇന്നലെ ഇന്ത്യക്ക് വേണ്ടി ജഡേജ യഥാർത്ഥ റോക്‌സ്റ്റാറായി മാറുകയായിരുന്നു. 228 പന്തുകളില്‍ നിന്നാണ് താരം 175 റണ്‍സെടുത്തത്. 17 ബൗണ്ടറിയും മൂന്ന് സിക്‌സും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിലും ജഡേജ പങ്കാളിയായി.
Story Highlights: Jadeja breaks kapil dev’s record