കാത്തിരിപ്പ് അവസാനിക്കുന്നു; സേതുരാമയ്യർക്കൊപ്പം ടീമിൽ ഇനി വിക്രവും- പോസ്റ്റർ പങ്കുവെച്ച് ജഗതി ശ്രീകുമാർ

March 24, 2022

സിനിമ പ്രേമികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ സീരീസിലെ സിബിഐ 5 ദ ബ്രെയ്ൻ. സിനിമ പ്രഖ്യാപിച്ചതുമുതൽ പ്രേക്ഷകർ ആവർത്തിച്ച ചോദ്യമാണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാർ കൂടി ഉണ്ടാകുമോ എന്നത്. സിബിഐ സീരീസിൽ വിക്രം എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ വാഹനാപകടത്തെത്തുടർന്ന് സിനിമ മേഖലയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം ഈ ചിത്രത്തിൽ ഉണ്ടാകുമോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക, എന്നാൽ ചിത്രത്തിൽ താരം ഉണ്ടാകും എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. ജ​ഗതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ജഗതി സിബിഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. 

അതേസമയം നേരത്തെ സിനിമയിൽ ജഗതി ജോയിൻ ചെയ്തതിന്റെ വിവരങ്ങൾ സംവിധായകൻ മധു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജഗതിക്കൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് തിരിച്ചുവരവ് വിശേഷങ്ങൾ സംവിധായകൻ പങ്കുവെച്ചത്. സിബിഐ യുടെ ഇൻവെസ്റ്റിഗേഷൻ ടീമിലുണ്ടായിരുന്ന ജഗതിയെ ഈ ചിത്രത്തിലും വേണമെന്ന് മമ്മൂട്ടി ആവശ്യപ്പട്ടുവെന്നും അതിനാൽ ജഗതിയുടെ വീട്ടിൽ വെച്ച് ജഗതിയെ ഉൾപ്പെടുത്തി ചെറിയൊരു ഭാഗം ചിത്രീകരിക്കുമെന്നുമാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.

അതേസമയം പ്രേക്ഷകർക്ക് കൂടുതൽ ആവേശം പകരുന്നതാണ് വർഷങ്ങൾക്ക് ശേഷമുള്ള ജഗതിയുടെ തിരിച്ചുവരവ്. വാഹനാപകടത്തിന്റെ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന താരം അടുത്തിടെ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അതേസമയം മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തെ വീണ്ടും വെള്ളിത്തിരയിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

Read also: സ്കൂളിന് മുന്നിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം- പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത് ആറു വയസുകാരൻ

സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾ. അത്തരത്തിൽ ഏറെ പ്രേക്ഷക പ്രീതിനേടിയതാണ് സിബിഐ സീരീസും. ചിത്രത്തിന്റെ അഞ്ചാം ഭാഗം എത്തുന്നുവെന്നറിഞ്ഞതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിബിഐ 5 ദ ബ്രെയ്ൻ എന്ന് പേരിട്ടിരിക്കുന്ന ഭാഗത്തിൽ നിരവധി പുതിയ താരങ്ങളും അണിനിരക്കുന്നുണ്ട്. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമ പ്രേമികൾ.

Story highlights: jagathy sreekumar reveal cbi-5 poster