ഇത് മഞ്ഞപ്പടയുടെ ആറാട്ട്; സെമിഫൈനൽ ആദ്യ പാദത്തിൽ ജംഷഡ്പൂരിനോട് ‘ജാവോ’ പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
പതിയെ തുടങ്ങി ക്ലൈമാക്സിൽ ഉച്ചസ്ഥായിയിലെത്തുന്ന ഒരു സിംഫണി പോലെ മനോഹരമായിരുന്നു ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം. കലൂർ ഫാൻ പാർക്കിലെത്തിയവരുൾപ്പടെ ലോകത്താകമാനമുള്ള ബ്ലാസ്റ്റേഴ്സ് ആരാധകർ തമ്മിൽ പറഞ്ഞിട്ടുണ്ടാവും ഇതാണ് ഞങ്ങളുടെ മഞ്ഞപ്പട, ഇതിനായാണ് ഞങ്ങൾ കാത്തിരുന്നത്.
ജംഷഡ്പൂർ എഫ്സിയുമായുള്ള സെമിഫൈനലിലെ ആദ്യ പാദ മത്സരം പൂർത്തിയായപ്പോൾ ഒരു ഗോളിന്റെ ഏകപക്ഷീയമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം സഹൽ അബ്ദുൽ സമദാണ് ലോകത്താകമാനമുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ആ ഗോൾ നേടിയത്.
കളിയുടെ തുടക്കത്തിൽ ജംഷഡ്പൂർ കളം നിറഞ്ഞ് കളിച്ചപ്പോൾ മെല്ലെയാണ് കേരളം താളം കണ്ടെത്തിയത്. പത്താം മിനുട്ടിലും ഇരുപതാം മിനുട്ടിലും ജംഷഡ്പൂരിന്റെ നൈജീരിയൻ താരം പുട്ടിയക്ക് ലഭിച്ച രണ്ട് സുവർണ അവസരങ്ങളും താരം പാഴാക്കുകയായിരുന്നു. ഇടതും വലതും വിങ്ങുകളിൽ ജംഷഡ്പൂർ കയറി കളിച്ചപ്പോൾ കേരളം ഒരു പടി പുറകിലേക്ക് ഇറങ്ങി കളിക്കുകയായിരുന്നു. എന്നാലത് വരാൻ പോകുന്ന ഒരു വമ്പൻ മുന്നേറ്റത്തിന് മുൻപുള്ള ഒരു ചെറിയ ഇറക്കം മാത്രമായിരുന്നു.
മുപ്പത്തിയെട്ടാം മിനുട്ടിൽ സഹൽ അബ്ദുൽ സമദിലൂടെ ബ്ലാസ്റ്റേഴ്സ് ടീമും ആരാധകരും ഒരേ പോലെ കാത്തിരുന്ന സുവർണ നിമിഷം പിറക്കുകയായിരുന്നു. നീണ്ട പാസ് ഗോൾ കീപ്പറിന് മുകളിലൂടെ യാതൊരു സമ്മർദ്ദങ്ങളുമില്ലാതെ വളരെ കൂളായാണ് സഹൽ പന്തിനെ ഗോൾ പോസ്റ്റിലേക്ക് തട്ടിയിട്ടത്. കേരളം കാത്തിരുന്ന ലീഡ് 1 – 0.
ആദ്യ പകുതി രണ്ട് ടീമുകളും പൊരുതി കളിച്ചിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഏതാണ്ട് ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണ ആധിപത്യമാണ് ഗ്രൗണ്ടിൽ കണ്ടത്. അമ്പത്തിയെട്ടാം മിനുട്ടിൽ പെരേര ഡയസിനും അൻപത്തിയൊമ്പതാം മിനുട്ടിൽ അഡ്രിയൻ ലൂണയ്ക്കും അറുപത്തിയൊന്പതാം മിനുട്ടിൽ അൽവാരോ വാസ്ക്കസിനും കിട്ടിയ അവസരങ്ങൾ കൂടി ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നെങ്കിൽ ജംഷഡ്പൂരിന്റെ രണ്ടാം പാദ മത്സരത്തെ പറ്റിയുള്ള പ്രതീക്ഷകൾക്കും ഇന്ന് തന്നെ ഒരു തീരുമാനമാവുമായിരുന്നു..
അതിഗംഭീരമായ ഒരു മാർക്കിങ് ഗെയിം കൂടിയാണ് ബ്ലാസ്റ്റേഴ്സ് വിജയകരമായി ഇന്ന് നടപ്പാക്കിയത്. ജംഷഡ്പൂരിന്റെ സൂപ്പർ താരം ഗ്രെഗ് സ്റ്റുവർട്ടിന് കളിയുടെ അറുപത്തിയഞ്ചാം മിനുട്ട് വരെ എതിർ പകുതിയിൽ ഒരു തവണ പോലും പന്ത് സ്പർശിക്കാൻ കഴിഞ്ഞില്ലെന്നത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ അമ്പരപ്പിക്കുന്ന ഡിഫൻസ് മികവിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പതിവ് പോലെ ജയിക്കുന്ന മത്സരങ്ങളിൽ ഇതിന് മുൻപും ഇട്ട പോലെ വെളുത്ത ഷർട്ട് തന്നെയിട്ട് വന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന് ഇത്തവണയും തെറ്റിയില്ല. ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും കോച്ചായ ഇവാന് തന്നെ വീണ്ടും നൽകുകയാണ് ടീമും ആരാധകരും.
കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ മത്സരം മാർച്ച് 15 ചൊവ്വാഴ്ച്ച നടക്കും.
Story Highlights: Kerala blasters wins first leg semifinal match