ആവേശം നിറച്ച് കെജിഎഫ്- 2; ട്രെയ്‌ലറിൽ തിളങ്ങി യാഷും സഞ്ജയ് ദത്തും

March 28, 2022

ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കെജിഎഫ് 2. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ യാഷും ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്തും ട്രെയ്‌ലറിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രം കൂടിയാണ് കെജിഎഫ്. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. കെജിഎഫിനായുള്ള താരത്തിന്റെ മേക്ക് ഓവർ ലുക്ക് നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

പീരിഡ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് കെജിഎഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയതോടെ പ്രേക്ഷകരുടെ ആകാംഷ വർധിച്ചിരിക്കുകയാണ്.

Read also: പക്ഷികൾക്ക് ദാഹജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ…നാരായണനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതേസമയം കെജിഎഫ്-2 കേരളത്തിൽ അവതരിപ്പിക്കുന്നത് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

Story highlights: KGF Chapter 2 Trailer