വീട്ടിൽ നിന്നും ഇറങ്ങി ആരുമറിയാതെ വിമാനത്തിൽ കയറി; ടിക്കറ്റില്ലാതെ ഒൻപതുവയസുകാരൻ സഞ്ചരിച്ചത് 2,700 കിലോമീറ്റർ
ചെറുപ്രായത്തിൽ ഒരിക്കലെങ്കിലും മാതാപിതാക്കളെ ആശങ്കയിലാഴ്ത്താത്ത ഒരാൾ പോലും ഉണ്ടാകില്ല. ഒളിച്ചിരുന്നും, പുറത്തേക്കെവിടെങ്കിലും മാറിനിന്നുമൊക്കെ അവരെ വളരെയധികം വിഷമിക്കുന്നവരാണ് മിക്ക കുട്ടികളും. അങ്ങനെ മാതാപിതാക്കളെ പറ്റിച്ചിട്ടുണ്ടെങ്കിൽ പോലും അതെല്ലാം അവരുടെ കയ്യെത്തും ദൂരത്ത് തന്നെ മറഞ്ഞുനിന്നായിരുന്നു എന്നതാണ് ആശ്വാസ്യകരമായ കാര്യം. എന്നാൽ 9 വയസ്സുള്ള ഇമ്മാനുവൽ മാർക്വെസ് ഡി ഒലിവേര എന്ന കുട്ടി മാതാപിതാക്കൾ അറിയാതെ സഞ്ചരിച്ചത് 2700 കിലോമീറ്ററാണ്..
ഈ ഒൻപതുവയസുകാരൻ വീട്ടിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകുകയായിരുന്നു. മാത്രമല്ല, ആരും ശ്രദ്ധിക്കാതെ ഒരു വിമാനത്തിൽ കയറി തനിയെ 2,700 കിലോമീറ്റർ യാത്ര ചെയ്യുകയും ചെയ്തു. ഫെബ്രുവരി 26 ന് രാവിലെ ബ്രസീലിലെ മനാസ് നഗരത്തിൽ കാണാതായതായി റിപ്പോർട്ട് ചെയ്യുമ്പോൾ കുട്ടി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു.
ഭാഗ്യവശാൽ, ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. ഒൻപതുകാരൻ ടിക്കറ്റില്ലാതെ വിമാനത്തിൽ യാത്ര ചെയ്തതിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്.
വെളുപ്പിനെ 5.30ന് മകന്റെ മുറിയിൽ ചെന്നുനോക്കിയപ്പോൾ സാധാരണപോലെ ഉറങ്ങുന്നത് അമ്മ കണ്ടിരുന്നു. പിന്നീട് രാവിലെ 7.30ന് വീണ്ടും നോക്കിയപ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്നു ‘അമ്മ ഡാനിയേല അറിയുന്നത്. പരിഭ്രാന്തിയിൽ നാട് മുഴുവൻ തിരച്ചിൽ ഊർജിതമായി നടക്കുമ്പോഴാണ് പോലീസ് അധികാരികളിൽ നിന്നും മകനെ കണ്ടെത്തിയ സന്ദേശം ലഭിക്കുന്നത്. അപ്പോൾ ഇമാനുവൽ 2700 കിലോമീറ്റർ സഞ്ചരിച്ച് രാജ്യത്തിൻറെ മറുവശം കടന്നിരുന്നു.
Read Also: പ്രണയനഷ്ടത്തിന്റെ വേദന പങ്കുവെച്ച് ‘ഹൃദയ’ത്തിലെ ഗാനം- വിഡിയോ
തീരദേശ സംസ്ഥാനമായ സാവോപോളോയിൽ സ്ഥിതി ചെയ്യുന്ന ഗ്വാറുൾഹോസ് നഗരത്തിൽ നിന്നാണ് 9 വയസ്സുകാരനെ കണ്ടെത്തിയത്. ഇമ്മാനുവലിനെ കണ്ടെത്തിയ ഉദ്യോഗസ്ഥർ പറയുന്നു, കണ്ടെത്തുമ്പോൾ ഇന്റർനെറ്റിൽ ‘ആരും ശ്രദ്ധിക്കാതെ എങ്ങനെ വിമാനത്തിൽ കയറാം’ എന്ന് തിരയുകയായിരുന്നു എന്നാണ്. എന്തായാലും ഇത്രയും ചെറിയ കുട്ടി എങ്ങനെയാണ് ഒരു എയർലൈൻസ് വിമാനത്തിൽ ആരുമറിയാതെയും ടിക്കറ്റില്ലാതെയും കയറിയതെന്ന് അജ്ഞാതമാണ്.
Story highlights- Kid runs away from home and travels 2,700 kms without ticket