ഹൃദ്യമായ കുടുംബ കഥയുമായി മകൾ- ടീസർ കെ.പി.എ.സി. ലളിതക്ക് സമർപ്പിച്ച് സത്യൻ അന്തിക്കാട്

March 16, 2022

മലയാളികളുടെ പ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന സത്യൻ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ് നായകനായിരുന്നു ജയറാം. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് മകൾ. മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്.

Read Also: ചരിത്രമെഴുതി ജൂലന്‍ ഗോസ്വാമി; റെക്കോർഡ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരം

 ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ടീസർ പങ്കുവെച്ചുകൊണ്ട് സത്യൻ അന്തിക്കാട് കുറിക്കുന്നതിങ്ങനെ;

‘മകൾ’ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു. ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. “സത്യാ… ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം.”ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല. ‘മകളു’ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.

Story highlights- makal movie teaser