അരുൺ കരുണാകരന്റെ അന്വേഷണം തുടങ്ങുന്നു… സല്യൂട്ട് ട്രെയ്‌ലർ പുറത്ത്

March 9, 2022

പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് സല്യൂട്ട്. പൊലീസ് ഓഫീസറുടെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ അരുൺ കരുണാകരൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. അതേസമയം ദുൽഖറിനെ നായകനാക്കി റോഷൻ ആന്‍ഡ്രൂസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സോണി ലീവിലൂടെ മാർച്ച് 18 നാണ് സിനിമ എത്തുക.

അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് നടുവില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് പൊലീസ്‌ പാശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. മനോജ് കെ ജയന്‍, ബിനു പപ്പു, അന്‍സിബ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാര്‍, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read also:ഡോക്ടറേറ്റ് എടുക്കാനുള്ള പഠനത്തിനിടെയിലും ചായക്കടയിലെ ജോലിയിൽ തിരക്കിലാണ് ആർദ്ര; പ്രചോദനമാണ് ഈ ജീവിതം

ഹേ സിനാമികയാണ് ദുൽഖറിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ബ്രിന്ദ മാസ്റ്റർ സംവിധാനം നിർവഹിച്ച സിനിമ പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകി ഒരുക്കിയതാണ്. പാട്ടും നൃത്തവും നിറച്ച സിനിമ ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. അതേസമയം മലയാളത്തിൽ ദുൽഖറിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് കുറുപ്പാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറഞ്ഞ ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തത്.

Story highlights: Malayalam Movie Salute Official Trailer