അവരുടെ സ്നേഹം കിട്ടുന്നത് മഹാഭാഗ്യമാണ്, ഏറ്റവും വലിയ സ്വത്തും സമ്പാദ്യവും ആ സന്തോഷം തന്നെ; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ പറ്റി നടൻ മമ്മൂട്ടി

March 5, 2022

മ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിൽ പുറത്തു വന്ന ‘ഭീഷ്മപർവ്വം’ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ചിത്രത്തിന് ലഭിച്ചിരിക്കുന്ന സ്വീകാര്യതയെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ മമ്മൂട്ടി.

പ്രേക്ഷകരുടെ സ്നേഹം കിട്ടുന്നത് മഹാഭാഗ്യമാണെന്നാണ് മമ്മൂട്ടി പറയുന്നത്. അവർക്ക് വേണ്ടി താൻ ഒന്നും ചെയ്തു കൊടുത്തിട്ടില്ലെങ്കിലും അവരുടെ സ്നേഹം ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തും സമ്പാദ്യവും സന്തോഷവുമെല്ലാം അത് തന്നെയാണെന്നും മമ്മൂട്ടി പറയുന്നു.

“ഈ സിനിമ കാണുകയും ആര്‍ത്തലക്കുകയും ഉല്ലസിക്കുകയും ബഹളമുണ്ടാക്കുകയുമൊക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്ക് അറിയില്ല. ഞാന്‍ ഒരു ഉപകാരവും അവര്‍ക്ക് ചെയ്തിട്ടില്ല. അപ്പോള്‍ അങ്ങനെ ഉള്ളവരുടെ സ്‌നേഹം കിട്ടുക എന്നത് വലിയൊരു മഹാഭാഗ്യമാണ്. കണ്ടാല്‍ പോലും തിരിച്ചറിയില്ല ഞാന്‍ ആരെയും. ഇവിടെ നിങ്ങളെ കുറച്ച് പേരെ കാണുന്നു എന്നല്ലേയുള്ളൂ. പക്ഷെ കാണാത്ത എത്രയോ ആളുകള്‍ ഉണ്ട്. ഈ സിനിമ തിയേറ്ററില്‍ ഞാന്‍ നേരിട്ട് പോയി കണ്ടതല്ല, വീഡിയോയില്‍ കണ്ടതാണ്. അവിടെ ആളുകൾ ആര്‍ത്തുല്ലസിക്കുകയൊക്ക ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും ചെയ്ത് കൊടുത്തിട്ടില്ല അവര്‍ക്ക്. സിനിമയില്‍ അഭിനയിക്കുക എന്നല്ലാതെ മറ്റൊരു പണിയും നമുക്ക് പറ്റില്ല, ചെയ്ത് കൊടുത്തിട്ടുമില്ല. അപ്പോള്‍ അത് എത്രത്തോളം സ്വാധീനിക്കുന്നുണ്ട്, എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്നൊക്കെ അറിയുന്നത് ഒരു സന്തോഷമാണ്. അതാണെന്റെ ഏറ്റവും വലിയ സന്തോഷവും, വരുമാനവും, ഏറ്റവും വലിയ ധനം സ്വത്ത് സമ്പാദ്യം എന്നൊക്കെ പറയുന്നത്” – മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞു.

Read More: ‘ബ്രോ ഡാഡി’യിലെ ലാലേട്ടനെ അനുകരിച്ച് കുരുന്ന്, വിഡിയോ പങ്കുവെച്ച് മോഹൻലാൽ

നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.

Story Highlights: Mammootty about audience response