‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീറിന്റെ പുതിയ ചിത്രം; നായകനായി മമ്മൂട്ടി

March 30, 2022

ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. സിനിമ പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് ശേഷം നിസാം ബഷീറിന്റേതായി അണിയറയിൽ മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയാണ് നിസാമിന്റെ പുതിയ ചിത്രം. ചാലക്കുടിയിൽ ചിത്രീകരണം ആരംഭിച്ച സിനിമ മമ്മൂട്ടിയുടെ നിർമാണ കമ്പനിയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ത്രില്ലർ സ്വഭാവമുള്ളതായിരിക്കും എന്നാണ് സൂചന. ഒപ്പം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ തുടങ്ങി നിരവധി താരനിരകളും അണിനിരക്കുന്നുണ്ട്.

അതേസമയം മമ്മൂട്ടിയുടേതായി അണിയറയിൽ റിലീസിന് ഒരുങ്ങുന്നത് നിരവധി സിനിമകളാണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം, മമ്മൂട്ടി- പാർവതി തിരുവോത്ത് എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന പുഴു എന്നിവയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമകൾ.

Read also: ഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോറിക്ഷ ഡ്രൈവറിലേക്ക്; പ്രചോദനമായി 74 കാരന്റെ ജീവിതം

മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തിയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസിന് ഒരുങ്ങുകയാണ്. അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. പഞ്ച് ഡയലോഗുകളും ആക്ഷനും നിറച്ചുകൊണ്ടൊരുക്കിയ സിനിമയിൽ മമ്മൂട്ടിക്കൊപ്പം സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, അനഘ, മാല പാർവതി, നദിയ മൊയ്തു, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു.

Story highlights: Mammootty joins with Kettyolaanu Ente Malakha Director