വീണ്ടും സജീവമായി മമ്മൂട്ടി; ഭീഷ്മപർവ്വത്തിന് ശേഷമൊരുങ്ങുന്നത് വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ

March 7, 2022

ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടനാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി. കേരളത്തിന് പുറത്തും വലിയ ആരാധക വൃന്ദമുള്ള നടൻ കൂടിയാണ് മലയാളികളുടെ പ്രിയങ്കരനായ മമ്മൂക്ക. ഇപ്പോൾ വലിയ പ്രതീക്ഷ നൽകുന്ന ഒരു പിടി സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തു വരാനിരിക്കുന്നത്.

മമ്മൂട്ടി അടുത്തതായി അഭിനയിക്കാൻ പോകുന്ന ഒരു അന്യഭാഷാ ചിത്രത്തെ പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ദളപതി അടക്കമുള്ള സിനിമകളിലൂടെ തമിഴ് സിനിമ പ്രേക്ഷകരുടെ മനം കവർന്ന നടൻ ‘യാത്ര’ എന്ന ചിത്രത്തിലൂടെ തെലുങ്ക് ആരാധകർക്കും പ്രിയപ്പെട്ട നടനായി മാറിയിരുന്നു. കൃത്യമായ ഇടവേളകളിൽ അന്യഭാഷാ ചിത്രങ്ങൾ ചെയ്യാൻ മമ്മൂട്ടി ശ്രമിക്കാറുണ്ട്.

ഇപ്പോൾ മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ‘ഏജന്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ അക്കിനേനിയാണ് നായക കഥാപാത്രമായി എത്തുന്നത്. സൈനിക വേഷത്തിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ‘ദി ഡെവിൾ, റൂത്ത് ലസ്സ് സേവിയർ’ എന്ന ടാഗ് ലൈനോട് കൂടിയുള്ള പോസ്റ്റർ ട്വിറ്ററിലൂടെയാണ് പങ്കുവെയ്ക്കപ്പെട്ടത്.

‘സിബിഐ 5’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഏജന്റിന്റെ അടുത്ത ഷെഡ്യുളിൽ എത്തിയത്. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ നടന്ന ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം കോവിഡ് മൂലം മുടങ്ങിയിരുന്നു. ക്യാമിയോ റോളിൽ മമ്മൂട്ടി എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രത്തെ താരം അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.

Read More: “സുന്ദരമായ നിമിഷം, സ്പോർട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു”; വൈറലായ ചിത്രമേറ്റെടുത്ത് മാസ്റ്റർ ബ്ലാസ്റ്ററും

രതീന പിടിയുടെ ചിത്രം ‘പുഴു’വാണ് മമ്മൂട്ടിയുടെ വലിയ പ്രതീക്ഷ നൽകുന്ന മറ്റൊരു ചിത്രം. മമ്മൂട്ടിയോടൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ആണ് ചിത്രീകരണം പൂർത്തിയായ മറ്റൊരു മമ്മൂട്ടി ചിത്രം. ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകരും മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്.

Story Highlights: Mammootty’s upcoming films