“മഞ്ഞിൻ തൂവൽ..”; ‘അവിയൽ’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

March 20, 2022

അച്ഛൻ -മകൾ വേഷത്തിൽ ജോജു ജോർജും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന “അവിയൽ” ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദാണ്. ചിത്രത്തിലെ ഇപ്പോൾ പുറത്തിറങ്ങിയ ‘മഞ്ഞിൻ തൂവൽ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത്താണ്. 80 -90 കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന രീതിയിലാണ് പാട്ടിന്റെ ചിത്രീകരണം. ചിത്രയും ഉണ്ണിമേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവിയൽ.’ മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ  പുതുമുഖമായ സിറാജ്ജുദ്ധീൻ നായകനാകുന്നു. ചിത്രത്തിൽ  ജോജു ജോർജ്,  അനശ്വര രാജൻ, കേതകി  നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന  വേഷങ്ങളിൽ  എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ  ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ-മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് ‘അവിയൽ’ എന്ന ചിത്രം. നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ തന്നെ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി രണ്ട് വർഷത്തോളം സമയമെടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. 

സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ തുടങ്ങി നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ  എന്നിവിടങ്ങളായിരുന്നു  പ്രധാന  ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ  എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

Read More: മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ പുറത്ത്; ഉറക്കദിനത്തിൽ ‘ഉറക്കത്തിന്റെ കഥ’ പങ്കുവെച്ചത് ദുൽഖർ സൽമാൻ

ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ  ബാദുഷയും പ്രൊഡക്ഷൻ  കൺട്രോളർ  ശശി  പൊതുവാളുമാണ്. മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ  മാത്യുവാണ്. സൗണ്ട്  ഡിസൈൻ  രംഗനാഥ്  രവിയും, വസ്ത്രാലങ്കാരം നിസാർ റഹ്മത്തും, മേക്കപ്പ് അമൽ ചന്ദ്രനും, കലാ സംവിധാനം ബംഗ്ലാനും, സ്റ്റിൽസ്  മോജിനും, ഡിസൈൻസ് യെല്ലോ ടൂത്തുമാണ് നിർവഹിച്ചിരിക്കുന്നത്. മഞ്ജു ഗോപിനാഥ്‌ ആണ് ചിത്രത്തിന്റെ പി ആർ ഓ. അതിതീവ്രമായ  ആത്മ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.

Story Highlights: ‘Manjin thooval’ song from ‘Aviyal’