ആക്ഷൻ രംഗങ്ങളുമായി മോഹൻലാൽ, ആറാട്ട് മേക്കിങ് വിഡിയോ

March 23, 2022

ബി.ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ‘ആറാട്ട്.’ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രത്തെ വമ്പൻ വരവേൽപ്പുമായാണ് പ്രേക്ഷകർ സ്വീകരിച്ചത്. തിയേറ്ററുകളിൽ സംപ്രേക്ഷണം ചെയ്ത ചിത്രം ആമസോണിലും വിജയകരമായി സ്‍ട്രീമിംഗ് തുടരുമ്പോള്‍ ഫൈറ്റ് രംഗങ്ങളുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈറ്റ് വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

അതേസമയം നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ എന്നയാൾ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിൽ  മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്.

Read also: അർധരാത്രി 10 കിലോമീറ്റർ ഓടുന്ന പ്രദീപ്; വൈറൽ വിഡിയോയിലെ 19-കാരന് സഹായവാഗ്ദാനവുമായി റിട്ട. ലഫ്റ്റനന്റ് ജനറൽ

ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും സിനിമയിൽ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

അതേസമയം ഫെബ്രുവരി 18ന് ലോകമാകെ 2700 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷനുകളില്‍ ഒന്ന് കൂടിയാണ്.

Story highlights: Mohanlal film araattu fight scene