37 വർഷങ്ങൾക്ക് മുൻപും ശേഷവും- ശ്രദ്ധനേടി മമ്മൂട്ടിയുടേയും നദിയ മൊയ്‌തുവിന്റേയും ചിത്രങ്ങൾ

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് എന്നും പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. വിവിധ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി നദിയ പിന്നീട്. എൺപതുകളിലെ താരമായി മാറി. 80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു.
മമ്മൂട്ടിയുടെ ഭാഗ്യ നായികയായിരുന്നു നദിയ മൊയ്തു. പത്തുവർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടേയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. അതോടൊപ്പം 37 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും നദിയ മൊയ്തുവും ഒന്നിച്ചുള്ള ചിത്രവും തരംഗമാകുകയാണ്.
2011ൽ പുറത്തിറങ്ങിയ ഡബിൾസ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. 80കളിലും 90കളിലും നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു.ഇന്നലെ കൊച്ചിയിൽ വച്ച് നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പ്രസ് മീറ്റിൽ നിന്നുള്ള ചിത്രവും 1985ൽ ഇവർ ഒരുമിച്ചഭിനയച്ച ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിന്റെ ഒരു ഫോട്ടോയും ചേർത്തുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്.
സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഭീഷ്മ പർവ്വം. അന്തരിച്ച താരങ്ങളായ കെപി എസി ലളിത, നെടുമുടി വേണു എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം, ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.
Story highlights- nadiya moithu and mammootty