അച്ഛനും അമ്മയും രണ്ട് മതത്തിൽ നിന്നായത് എന്റെ കുറ്റം കൊണ്ടാണോ…? പ്രേക്ഷകരിലേക്കെത്താനൊരുങ്ങി മീര ജാസ്മിന്റെ മടങ്ങിവരവ് ചിത്രം ‘മകൾ’

February 28, 2022

സ്വന്തം ജാതിയിലും മതത്തിലുംപെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് നിർബന്ധം പിടിക്കുന്ന നിരവധി കുടുംബങ്ങൾ ഇക്കാലത്തും ഉണ്ട്. അതിൽ പലരും നമുക്കും പരിചിതരാണ്. ഇതിന് മിക്കവരും പറയുന്ന തടസം വ്യത്യസ്ത മതത്തിൽപെട്ടവർ വിവാഹിതരായാൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവരെ ഏത് മതത്തിൽ വളർത്തും എന്ന കാര്യത്തിലാണ്. ഇപ്പോഴിതാ ഈ പ്രമേയം വിഷയമാക്കി ഒരുക്കുന്ന ചിത്രമാണ് മകൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മകൾ. ജയറാം, മീര ജാസ്മിൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്നതാണ് മീര ജാസ്മിൻ. പിന്നീട് വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മകൾ. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മീര ജാസ്മിനും ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസൻ, നസ്ലിൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read also: മാധ്യമപ്രവർത്തകരായി ധനുഷും മാളവികയും; ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘മാരൻ’ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

2001-ൽ ലോഹിതദാസ് സംവിധാനം നിർവഹിച്ച സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതാണ് മീര. ചിത്രത്തിൽ ശിവാനി എന്ന കഥാപാത്രത്തെയാണ് താരം അവതിരിപ്പിച്ചത്. ശിവാനിയെ ഹൃദത്തിലേറ്റിയ മലയാളികൾക്ക് പിന്നീട് മനോഹരമായ നിരവധി കഥാപാത്രങ്ങളെ മീര ജാസ്മിൻ സമ്മാനിച്ചു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.

Story highlights: meera jasmine jayaram sathyan anthikad movie makal