മാധ്യമപ്രവർത്തകരായി ധനുഷും മാളവികയും; ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘മാരൻ’ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

February 28, 2022

സംവിധായകൻ കാർത്തിക് നരേനൊപ്പം നടൻ ധനുഷ് എത്തുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മാരൻ’ മാർച്ച് 11 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ധനുഷും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ചിത്രത്തിൽ ധനുഷും മാളവിക മോഹനനും ജേർണലിസ്റ്റായി അഭിനയിക്കുന്നു. സമുദ്രക്കനി, സ്മൃതി വെങ്കട്ട്, കൃഷ്ണകുമാർ എന്നിവരും ചിത്രത്തിലുണ്ട്. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലർ ശ്രദ്ധനേടുകയാണ്.

സമുദ്രക്കനി വില്ലനായി അഭിനയിക്കുമ്പോൾ, ധനുഷിന്റെ സഹോദരിയായി സ്മൃതി വെങ്കട്ട് അഭിനയിക്കുന്നു. ജി വി പ്രകാശ് കുമാർ ആണ് സംഗീതം പകർന്നിരിക്കുന്നത്. ഗാനരചയിതാവ് വിവേകും കാർത്തിക് നരേനും ചേർന്നാണ് വരികൾ ഒരുക്കിയിരിക്കുന്നത്.

മലയാള ചിത്രങ്ങളായ വരത്തന്റെയും വൈറസിന്റെയും രചയിതാക്കളായ സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ രചിക്കുന്നത്. ഗാനരചയിതാവ് വിവേക് ​​ചിത്രത്തിലെ സംഭാഷണങ്ങളും ഗാനങ്ങളും രചിക്കുന്നു.

ധനുഷിന്റെ നാൽപത്തിമൂന്നാം ചിത്രമാണ് ഇത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഹോളിവുഡ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി അമേരിക്കയിൽ നിന്നും നേരിട്ട് സിനിമയുടെ സെറ്റിലേക്ക് എത്തുകയായിരുന്നു ധനുഷ്.

Read Also: ‘ഹൃദയം റിലീസിന് ശേഷം ഒരിക്കൽ പോലും ആ പുഞ്ചിരി മാഞ്ഞിട്ടില്ല’- നിത്യയ്ക്കായി നന്ദി പറഞ്ഞ് കല്യാണി പ്രിയദർശൻ

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയ സംവിധായകനാണ് കാര്‍ത്തിക് നരേൻ. കാർത്തിക് നരേൻ ചിത്രമായ ‘നരകാസൂരൻ’ എന്ന സിനിമയാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അരവിന്ദ് സ്വാമിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഉടൻ എത്തും. ഇന്ദ്രജിത് സുകുമാരനും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Story highlights- maaran movie trailer