നന്ദനത്തിലെ ബാലാമണിയെ വീണ്ടും കാണാൻ കഴിയുമോ..? ശ്രദ്ധനേടി നവ്യയുടെ തിരിച്ചുവരവ് ചിത്രം ‘ഒരുത്തീ’യിലെ ഗാനം

March 2, 2022

മലയാളികളുടെ ഇഷ്ടനടിയാണ് നവ്യ നായർ… അഭിനേത്രിയായും ഡാൻസറായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നവ്യ പത്ത് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുമ്പോൾ ഏറെ ആകംഷയിലാണ് സിനിമ ലോകം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ പാട്ട് പ്രേമികളുടെ ഹൃദയം കീഴടക്കുന്നത്. ഭക്തിയും ദുഃഖവും അലിഞ്ഞുചേർന്ന കണ്ണുനീരാൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ബോംബെ ജയശ്രീയാണ്.

അതേസമയം താരത്തെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികൾ. പാട്ടിൽ നവ്യയെ കാണുമ്പോൾ നന്ദനത്തിലെ ബാലാമണിയെ ഓർമ വരുന്നു എന്നാണ് പലരും പാട്ടിന് കമന്റായി കുറിച്ചിരിക്കുന്നത്. ഒരുത്തീയിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. നവ്യയ്ക്ക് പുറമെ സൈജു കുറുപ്പ്, മാളവിക മേനോൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ.

ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നവ്യ നായർ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. നന്ദനം എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. പിന്നീട് അൻപതിലധികം മലയാള ചിത്രങ്ങളിൽ നവ്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ച നവ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്നു. എന്നാൽ അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്ന നവ്യ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. അതിന് പുറമെ ദൃശ്യം സിനിമയുടെ കന്നഡ റീമേക്കിലും നവ്യ അഭിനയിച്ചിരുന്നു.

Story highlights: Navya Nair Oruthee song