ചെന്നൈക്ക് ഇനി പുതിയ ക്യാപ്റ്റൻ; ആരാധകരെ ഞെട്ടിച്ച ധോണിയുടെ തീരുമാനം
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്ന മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർകിങ്സിനെ 4 ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ധോണി ബാറ്റ് കൊണ്ടും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. 2008 ലെ ആദ്യ സീസൺ മുതൽ ധോണി തന്നെയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റൻ.
എന്നാലിപ്പോൾ ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ഒരു തീരുമാനമാണ് ധോണി എടുത്തത്. ചെന്നൈ സൂപ്പർകിങ്സിന്റെ നായക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്ത നായകൻ. സൂപ്പർതാരം രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ പുതിയ നായകൻ. ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010 ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു.
ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2012 ല്‍ ചെന്നൈ ടീമിന്‍റെ ഭാഗമായ രവീന്ദ്ര ജഡേജ തുടര്‍ന്നുള്ള സീസണുകളിലും അവരുടെ നിര്‍ണായക താരമായിരുന്നു.
Read More: കോലി വീണ്ടും ആർസിബിയുടെ ക്യാപ്റ്റനാവും; പ്രവചനവുമായി അശ്വിൻ
മാർച്ച് 26 ന് ചെന്നൈ- കൊൽക്കത്ത മത്സരത്തോടെ ഈ സീസണിലെ ഐപിഎല്ലിന് തുടക്കമാവുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം അരങ്ങേറുന്നത്.മുംബൈയിലും പുനെയിലുമായി 65 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ.
Story Highlights: New captain for CSK