മങ്കാദിങ് ഇനി നിയമവിധേയം; ക്രിക്കറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങളുമായി എംസിസി

March 9, 2022

ക്രിക്കറ്റ് നിയമങ്ങളിൽ വലിയ പരിഷ്‌ക്കാരങ്ങൾ കൊണ്ട് വരികയാണ് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി). മങ്കാദിങ് നിയമവിധേയമാക്കിയതാണ് അതിൽ ഏറ്റവും സുപ്രധാനമായ മാറ്റം. നേരത്തെ വലിയ വിവാദങ്ങൾക്ക് വഴി വെച്ച പുറത്താക്കൽ രീതിയായിരുന്നു മങ്കാദിങ്. ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ അടക്കം പല പ്രമുഖ ബൗളർമാരും മങ്കാദിങ്ങിന്റെ പേരിൽ വിമർശനം ഏറ്റു വാങ്ങിയിട്ടുണ്ട്. പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് ഉപയോഗിക്കുന്ന രീതിക്ക് വന്ന വിലക്കാണ് മറ്റൊരു പ്രധാനപ്പെട്ട നിയമമാറ്റം.

1948-ൽ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ ഇതിഹാസം വിനു മങ്കാദ് റണ്ണൗട്ടാക്കിയതോടെയാണ് മങ്കാദിങ് ആദ്യമായി പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ക്രിക്കറ്റില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ട പുറത്താക്കല്‍ രീതിയാണ് മങ്കാദിങ്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു. മങ്കാദിങ്ങിനെ എതിര്‍ത്തും പിന്തുണച്ചും വലിയ ചര്‍ച്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകത്ത് നടന്നത്.

ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.

Read More: ‘വൈകാതെ അശ്വിൻ കുംബ്ലെയെ മറികടക്കും’; പ്രവചനവുമായി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ

പന്തിന്റെ തിളക്കം കൂട്ടാൻ ഉമിനീര് ഉപയോഗിക്കുന്നത് ഇനി മുതൽ പന്തിൽ കൃത്രിമം കാണിക്കുന്ന രീതിയായി കണക്കാക്കുമെന്നതാണ് നിലവിൽ വന്ന മറ്റൊരു നിയമം. കൊവിഡിന് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചപ്പോഴാണ് ഉമിനീരിന്റെ ഉപയോഗത്തിന് വിലക്ക് വന്നത്.

മാറിയ നിയമങ്ങള്‍ ഈ വര്‍ഷം ഒക്‌ടോബറോടെ പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന അന്തിമ സമിതിയാണ് എംസിസി.

Story Highlights: New laws in cricket