തിയേറ്ററുകളിൽ ആവേശമാകാൻ ‘നൈറ്റ് ഡ്രൈവ്’, വൈശാഖ് ചിത്രം നാളെ മുതൽ പ്രേക്ഷകരിലേക്ക്
കൊവിഡ് സൃഷ്ടിച്ച മഹാമാരിക്കാലത്തിന് ശേഷം തിയേറ്ററുകളിൽ സിനിമ ആസ്വാദകരുടെ ആഘോഷങ്ങളും ആർപ്പുവിളികളും ഉയർന്നുതുടങ്ങി… ഇപ്പോഴിതാ തിയേറ്ററുകളിൽ ആവേശം സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രം നൈറ്റ് ഡ്രൈവ്. രാത്രിയുടെ കഥപറയുന്ന നൈറ്റ് ഡ്രൈവ് നാളെ(11 -03- 2022) മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
അന്ന ബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത് സുകുമാരനും സിനിമയിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മലയാളത്തിന് പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയില്‍ ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂർത്തിയായത്. വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്ന നൈറ്റ് ഡ്രൈവ് എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍.
പുലിമുരുഗൻ, പോക്കിരിരാജ, മധുരരാജ, മല്ലു സിംഗ് അടക്കമുള്ള മെഗാഹിറ്റ് ചിത്രങ്ങളുടെ സംവിധായാകനാണ് വൈശാഖ്. ഈ ചിത്രങ്ങളിലൂടെ മലയാളത്തിലെ മെഗാ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും വരെ അവരുടെ ഏറ്റവും വലിയ വിജയചിത്രങ്ങൾ നൽകിയതും ഈ സംവിധായകൻ തന്നെയാണ്. എന്നാൽ ഇപ്പോഴിതാ തന്റെ സ്ഥിരം സിനിമകളിൽ നിന്ന് മാറി നൈറ്റ് ഡ്രൈവിലൂടെ ഒരു പുതിയ പരീക്ഷണവുമായി എത്തുകയാണ് വൈശാഖ്. അതുകൊണ്ടുതന്നെ വൈശാഖിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ആസ്വാദകർ. മമ്മൂട്ടി ചിത്രം മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.
Story highlights: Night Drive Release