പാട്ടിനും ഡാൻസിനുമൊപ്പം റിമി ടോമിയുടെ ലുക്കും സോഷ്യൽ ഇടങ്ങളിൽ ഹിറ്റ്, ട്രെൻഡിങ്ങായി വിഡിയോ

March 4, 2022

ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് റിമി ടോമി. പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള വിഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ ആരാധകരും ഏറെയാണ്. ഇപ്പോഴിതാ റിമി പങ്കുവെച്ച കവർ സോങ് ആണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. മലയാളത്തിലെ എക്കാലത്തെയും പ്രിയഗാനവുമായാണ് വിഡിയോയിൽ റിമി പ്രത്യക്ഷപ്പെടുന്നത്. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ദ്വാദശിയിൽ മണിദീപിക എന്ന ഗാനത്തിനൊപ്പം അതിമനോഹരമായി നൃത്തവും ചെയ്യുന്നുണ്ട് റിമി ടോമി.

യൂസഫലി കേച്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചത് കെ ജെ യേശുദാസും സുജാത മോഹനും ചേർന്നാണ്. ഇപ്പോഴിതാ വിദ്യാസാഗറിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് കവർ സോങ്ങുമായി റിമി ടോമി എത്തുന്നത്. വിഡിയോയിൽ താരത്തിന്റെ പാട്ടിനും ഡാൻസിനുമൊപ്പം റിമിയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാരിയിൽ അതിമനോഹരിയായാണ് റിമി ടോമി പ്രത്യക്ഷപ്പെടുന്നത്.

Read also: ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന സിനിമയിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തിയത്. അതിനുമുൻപ് അവതാരകയായി സജീവമായിരുന്നു. പിന്നീട് ഗായികയായും അവതാരകയായുമെല്ലാം റിമി ശ്രദ്ധനേടി. പിന്നീട് വെള്ളിത്തിരയിൽ അഭിനേത്രിയായും റിമി തിളങ്ങി. ജയറാമിനൊപ്പം അഭിനയിച്ച ‘തിങ്കൾ മുതൽ വെള്ളിവരെ’യാണ് താരത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഈ സിനിമയിൽ പുഷ്പവല്ലി എന്ന കഥാപാത്രത്തെയാണ് റിമി അവതരിപ്പിച്ചത്. ഇപ്പോൾ യുട്യൂബ് ചാനലുമായി സജീവമാണ് താരം. ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോകളും വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Story highlights: Rimi Tomy Song Video Viral