ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

March 4, 2022

ഒരൊറ്റ നിമിഷം ചിലരുടെ ജീവിതം മാറിമറിയാൻ… ഇപ്പോഴിതാ അത്തരത്തിൽ ഒരൊറ്റ ക്ലിക്കിലൂടെ ജീവിതം മാറിമറിഞ്ഞ ഒരു പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനം കവരുന്നത്. കണ്ണൂർ അണ്ടല്ലൂർക്കാവിലെ ഉത്സവപ്പറമ്പിലൂടെ ബലൂൺ വിൽക്കാൻ ഇറങ്ങിയപ്പോഴാണ് ഈ നാടോടി പെൺകുട്ടിയെ ഫോട്ടോഗ്രാഫറായ അർജുൻ കാണുന്നത്. ബലൂണുകളും കൈയിൽ പിടിച്ച് നടക്കുന്ന ആ നാടോടി പെൺകുട്ടിയുടെ തീഷ്ണമായ നോട്ടം അർജുൻ തന്റെ കാമറക്കണ്ണുകളിലൂടെ പകർത്തി. ബലൂണുകൾക്കും ലൈറ്റുകൾക്കും ഇടയിലൂടെയുള്ള അവളുടെ നോട്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മികച്ച പ്രതികരണങ്ങളും ലഭിച്ചു.

ഉത്സവപ്പറമ്പിൽ നിന്നും പകർത്തിയ അവളുടെ ചിത്രങ്ങൾ ആ പെൺകുട്ടിയെയും അവളുടെ അമ്മയേയും കാണിച്ചതോടെ നിറഞ്ഞ ചിരിയോടെ അവരും ആ ചിത്രങ്ങളെ ഏറ്റെടുത്തു. പിന്നീട് അവരുമായി അർജുൻ നടത്തിയ സംഭാഷണങ്ങളിൽ നിന്നും ആ പെൺകുട്ടിയുടെ പേര് കിസ്ബു എന്നാണെന്നും രാജസ്ഥാൻ സ്വദേശികളാണ് അവരെന്നും അറിഞ്ഞു. പിന്നീട് കിസ്‍ബുവിനെ മോഡലാക്കി മേക്കോവർ ഫോട്ടോഷൂട്ട് നടത്താനും അർജുനും സുഹൃത്ത് ശ്രെയസും തീരുമാനിച്ചു.

അങ്ങനെ സ്റ്റൈലിസ്റ്റ് രമ്യയുടെ മേക്കോവറിൽ കിസ്ബു മലയാളി മങ്കയായി ഒരുങ്ങി. സെറ്റ് സാരിയും ട്രഡീഷ്ണൽ ആഭരണങ്ങളും അണിഞ്ഞ കിസ്‍ബുവിന്റെ ചിത്രങ്ങൾ വളരെ വേഗത്തിൽ തന്നെ സമൂഹമാധ്യമങ്ങളുടെ ഹൃദയവും കീഴടക്കി. അതേസമയം അർജുന്റെ ചിത്രങ്ങൾ വൈറലായതോടെ നിരവധിപ്പേർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. ഒപ്പം ഈ പുതിയ മോഡലിനെത്തേടി മറ്റ് അവസരങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.

മൊക്കോവർ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. നേരത്തെയും സമാനമായ മറ്റൊരു പെൺകുട്ടിയുടെ മേക്കോവർ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ ട്രാഫിക്കിലൂടെ ബലൂണുകളുമായി നടക്കുന്ന രാജസ്ഥാനി പെൺകുട്ടി ആസ്മാന്റെ മൊക്കോവർ ചിത്രങ്ങൾ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ക്യാമറക്കണ്ണിലൂടെ പതിഞ്ഞതും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു.

Story highlights: balloon-selling Rajasthani girl makeover photoshoot