ചെൽസി വിൽക്കാനൊരുങ്ങി റഷ്യൻ ശതകോടീശ്വരൻ റോമന്‍ അബ്രോമോവിച്ച്; തുക റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ ഇരകൾക്ക്
ലോകമെങ്ങും ആരാധകരുള്ള ഇംഗ്ലീഷ് ക്ലബ്ബാണ് ചെൽസി. കാല്‍പന്തിലെ പല ഇതിഹാസ താരങ്ങളും കളിച്ചിട്ടുള്ള ക്ലബ് നിരവധി തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻസായിട്ടുണ്ട്. റഷ്യൻ കോടീശ്വരനായ റോമന്‍ അബ്രോമോവിച്ച് ക്ലബ് വാങ്ങിയതിന് ശേഷമാണ് ചെൽസി അതിന്റെ പ്രതാപകാലത്തേക്കെത്തുന്നത്. കൃത്യമായ പ്ലാനിങ്ങോടെ കളിക്കാരെ ടീമിലെത്തിച്ച റോമന്‍ അബ്രോമോവിച്ച് കാല്പന്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ടീമിനെയാണ് വാർത്തെടുത്തത്.
ഇപ്പോൾ അബ്രോമോവിച്ച് ക്ലബ് വിൽക്കാനൊരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ക്ലബ് വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക റഷ്യ- യുക്രൈൻ യുദ്ധത്തിലെ ഇരകൾക്ക് നൽകുമെന്നും അബ്രോമോവിച്ച്. നിലവിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് താൻ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും എപ്പോഴും ക്ലബ്ബിന്റെ താല്പര്യങ്ങൾ മുൻ നിർത്തി തന്നെയാണ് താൻ എല്ലാക്കാലത്തും തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്നും അബ്രോമോവിച്ച് വ്യക്തമാക്കി. ചെൽസിയയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലൂടെയാണ് അബ്രോമോവിച്ചിന്റെ തീരുമാനം പുറത്തു വന്നത്.
ലോണുകളൊന്നും തനിക്ക് തിരികെ ആവശ്യമില്ലെന്നും തുകകൾ എല്ലാം ചെൽസിയുടെ നിയന്ത്രണം കൈ മാറുന്ന ചാരിറ്റബിൾ ട്രസ്റ്റുകളിലേക്കെത്തുമെന്നും അബ്രോമോവിച്ച് പറഞ്ഞു. പൈസയോ ബിസിനസ്സോ മുൻപിൽ കണ്ടല്ല താൻ ചെൽസി വാങ്ങിയതെന്നും മറിച്ച് ഫുട്ബോളിനോടുള്ള ആവേശമാണ് ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നതെന്നും അബ്രോമോവിച്ച് വ്യക്തമാക്കി.
Read More: ‘നാരദനിൽ’ പെർഫോം ചെയ്യാനുള്ള സ്പേസുണ്ടായിരുന്നുവെന്ന് ടൊവിനോ; നടനെന്ന നിലയിൽ തൃപ്തനെന്നും താരം
വളരെ വേദനയോടെ എടുത്ത തീരുമാനമാണിതെന്നും ചെൽസിയെ പിരിയുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും അഭിപ്രായപ്പെട്ട അബ്രോമോവിച്ച് ഒരിക്കൽ കൂടി ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വന്ന് എല്ലാവരോടും യാത്ര പറയാനുള്ള ഒരവസരം ഉണ്ടായേക്കാം എന്ന് പ്രതീക്ഷയും പ്രകടിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻസായിരുന്ന ചെൽസി ഈ വർഷം ക്ലബ് ലോകകപ്പും നേടിയിരുന്നു. സ്വിസ് കോടീശ്വരനായ ഹാന്‍സ്ജോര്‍ഗ് വൈസും അമേരിക്കന്‍ നിക്ഷേപകനായ ടോഡ് ബോഹ്ലിയും സംയുക്തമായി ചെല്‍സിക്കായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Story Highlights: Roman Abramovic selling chelsea